ഡൽഹി: വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചു. രാഹുലിന്റെ രാജിക്കാര്യം വ്യക്തമാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇന്നലെയാണ് വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും രാഹുൽ ഗാന്ധി തീരുമാനിച്ചത്. രാഹുൽ മണ്ഡലം ഒഴിയുന്ന പശ്ചാത്തലത്തിൽ വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും ഇന്നലെ പാർട്ടി പ്രഖ്യാപിച്ചിരുന്നു.
റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരു മണ്ഡലങ്ങളില്‍ ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ദിവസങ്ങൾ നീണ്ട ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചത്. 2019ൽ അമേത്തിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ച രാഹുൽ അമേത്തിയിൽ പരാജയമറിയുകയും വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിക്കുകയുമായിരുന്നു.
പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കൾ രാഹുലിനെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയാണ് ഈ നടപടി.
വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് തീരുമാനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ദുഷ്‌കരമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും. താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും നിയുക്ത എംപി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രതികരിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചിരുന്നു.