സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീന്‍’; ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

0
154

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. ഹൈദരാബാദിൽ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമാണ് ഒവൈസി.

ഒരു അന്യരാജ്യത്തോട് കൂറ് കാണിക്കുന്ന സാഹചര്യം പാർലമെന്റിലുണ്ടായെന്നും അതിനാൽ സഭാം​ഗത്വത്തിൽ നിന്നും ഉവൈസിയെ അയോ​ഗ്യനാക്കണമെന്നുമാണ് ആവശ്യം. പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ഉവൈസി മുദ്രാവാക്യം വിളിച്ചത് വിചിത്രമാണ്. അദ്ദേഹം കൂറ് പുലർത്തുന്നത് ആ രാജ്യത്തോടാണ്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്, പരാതിക്കാരൻ രാഷ്ട്രപതിക്കയച്ച കത്തിൽ പറയുന്നു.

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പാർലമെന്റിലും പ്രതിഷേധമുണ്ടായിരുന്നു. വിഷയത്തിൽ ഒവൈസിക്കെതിരേ പരാതിയുമായി ശോഭാ കരന്തലജെ എം.പി. രംഗത്തെത്തുകയും ചെയ്തു. ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തന്റെ വാക്കുകൾ ഭരണഘടനയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതല്ലെന്നാണ് സംഭവത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here