പേരിലെത്ര സിം കാർഡുകളുണ്ട്? പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍; സൂക്ഷിച്ചോളൂ, വലിയ പിഴ കൊടുക്കേണ്ടിവരും

0
205

ന്യൂഡൽഹി: ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന് പലരും. നമ്മുടെ പേരിൽ എത്ര സിം ഉണ്ടാകുമെന്ന് ധാരണ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ടാകും. എന്നാൽ അനുവദനീയമായ എണ്ണത്തിലേറെ സിം കാർഡുകൾ ഉപയോഗിച്ചാൽ പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രസർക്കാർ. ഈ മാസം 26 മുതലാണ് ഇത് പ്രാവര്‍ത്തികമാകുക. 50000 മുതൽ രണ്ടു ലക്ഷം രൂപ പിഴ ലഭിച്ചേക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകൾ 26-ന് പ്രാബല്യത്തിലാകുമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഒരാളുടെ പേരില്‍ ഒമ്പത് സിം കാര്‍ഡുകൾ വരെയാണ് എടുക്കാനാവുക. ജമ്മുകശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് ആറാണ്. ആദ്യ ചട്ടലംഘനത്തിനാണ് 50000 രൂപ പിഴ. ആവർത്തിക്കുംതോറും രണ്ട് ലക്ഷം രൂപ ഈടാക്കും.

ചതിയിൽപെടുത്തി മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം എടുത്താൽ മൂന്ന് വർഷംവരെ തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് രണ്ട് ലക്ഷം രൂപ വരെ പിഴയോ സേവനം നൽകുന്നതിന് വിലക്കോ നേരിടേണ്ടി വന്നേക്കാം.

മറ്റു വ്യവസ്ഥകൾ…….

സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥല ഉടമ വിസമ്മതിച്ചാലും കമ്പനികൾക്കു സർക്കാർ വഴി അനുമതി ലഭിക്കും.

രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിന് കമ്പനികൾക്കു് നിർദേശം നൽകാം. സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ ഇത്തരത്തിൽ നിരീക്ഷിക്കാൻ പാടില്ല. എന്നാൽ, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ കേൾക്കാനും വിലക്കാനും കഴിയും.

യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനു വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാം.

ശിക്ഷ ഇങ്ങനെ

അനധികൃത മെസേജുകളും കോളുകളും ചോർത്തുകയോ സമാന്തര ടെലികോം സേവനം നൽകുകയോ ചെയ്താല്‍ 3 വർഷം തടവോ 2 കോടി രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം.

അനധികൃത വയർലെസ് ഉപകരണം കൈവശം വെച്ചാല്‍50,000 മുതൽ 2 ലക്ഷം രൂപ വരെ പിഴ.

ടെലികോം സേവനങ്ങൾ ബ്ലോക്ക് ചെയ്യാവുന്ന അനധികൃത ഉപകരണങ്ങൾ കൈവശം വെച്ചാല്‍ 3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം.

ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കിയാല്‍ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

രാജ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാല്‍ 3 വർഷം തടവോ 2 കോടി രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ കിട്ടാം. ആവശ്യമെങ്കിൽ സേവനം വിലക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here