ഇന്ത്യയിലെ ആദ്യ ഡാമേജ് പ്രൂഫ് സ്മാര്‍ട്‌ഫോണ്‍, ഐപി 69 റേറ്റിങ് ; ഓപ്പോ എഫ്27 പ്രോ എത്തി

0
63

ഇന്ത്യയിലെ ആദ്യ ഐപി 69 റേറ്റിങുള്ള സ്മാര്‍ട്‌ഫോണ്‍ ഓപ്പോ വ്യാഴാഴ്ച പുറത്തിറക്കി. ഓപ്പോ എഫ്27 പ്രോ+ സ്മാര്‍ട്‌ഫോണാണ് അവതരിപ്പിച്ചത്. ഡാമേജ് പ്രൂഫ് 360 ഡിഗ്രി ആര്‍മര്‍ ബോഡിയോടുകൂടിയാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഫോണിനെ വീഴ്ചയില്‍ നിന്നും പോറലേല്‍ക്കുന്നതില്‍ നിന്നും സംരക്ഷിക്കുമെന്നും കമ്പനി പറയുന്നു. ജൂണ്‍ 20 മുതലാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക.

ഐപി 69 റേറ്റിങ് തന്നെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. വാട്ടര്‍ പ്രൂഫ്, ഉയര്‍ന്ന താപനില, സമ്മര്‍ദ്ദം എന്നിവയെ പ്രതിരോധിക്കാന്‍ ഫോണിന് സാധിക്കുമെന്നതിന്റെ രേഖയാണ് ഈ സര്‍ട്ടിഫിക്കേഷന്‍. ഐപി66, ഐപി68 റേറ്റിങും ഫോണിനുണ്ട്. വെള്ളത്തില്‍ വീണാല്‍ 30 മിനിറ്റ് വരെ ഫോണിന് അതിജീവിക്കാനാവും. ആറ് മാസത്തെ ആക്‌സിഡന്റല്‍ ഡാമേജ്, ലിക്വിഡ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സും ഓപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈട് നില്‍ക്കുന്ന ബോഡിയാണ് എഫ്27 പ്രോ പ്ലസിനെന്ന് ഓപ്പോ പറയുന്നു. സ്‌പോഞ്ച് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം. കൂടാതെ താപനില നേരിടാനുള്ള അലൂമിനിയം അലോയും ഫോണ്‍ നിര്‍മിക്കാനായി ഉപയോഗിച്ചിരിക്കുന്നു. 177 ഗ്രാം ആണ് ഫോണിന് ഭാരം. വീഗന്‍ ലെതര്‍ ബാക്ക് പാനലാണ് ഫോണിന് നല്‍കിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂള്‍ ആണിതിന്.

6.7 ഇഞ്ച് 3ഡി കര്‍വ്ഡ് ഡിസ്‌പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണമുണ്ട്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7050 ചിപ്പ്‌സെറ്റില്‍ 8 ജിബി റാം ഫോണിനുണ്ട്. 128 ജിബി, 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ലഭ്യമാണ്.

64 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയ്‌ക്കൊപ്പം രണ്ട് എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ സംവിധാനമാണിതിന്. 8 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.

ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 14 ആണ് ഫോണില്‍. നാല് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഡസ്‌ക് പിങ്ക്, മിഡ്‌നൈറ്റ് നേവി നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഫോണിന് 27999 രൂപയിലാണ് വില ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here