ചരിത്രത്തിലാദ്യമായി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും സ്ഥാനാര്‍ഥികള്‍

0
201

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.സ്പീക്കര്‍ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികള്‍ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.

സമവായ ചര്‍ച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ത്യ സഖ്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ച ഫലംകാണാത്തതിനെ തുടര്‍ന്ന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു നേരത്തെ രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കലും അതും ഫലം കണ്ടിരുന്നില്ല.

ലോക്‌സഭയില്‍ ഇതുവരെയുള്ള സ്പീക്കര്‍മാരെ തിരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടാണ്. ആ ചരിത്രമാണ് ഇതോടെ മാറുന്നത്.

സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയെ എന്‍ഡിഎ വീണ്ടും നിര്‍ദേശിച്ചു. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയായ ഓം ബിര്‍ള 17-ാം ലോക്‌സഭയിലും സ്പീക്കറായിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയാല്‍ പ്രതിപക്ഷം എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here