സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടാൻ ഇന്ത്യ സഖ്യം, ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി?

0
144

ദില്ലി: എന്‍ഡിഎയിലുള്ള ജെഡിയുവിനെയും ടിഡിപിയെയും ഇന്ത്യ സഖ്യത്തിലെത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി പ്രതിപക്ഷം. അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന ഇന്ത്യ സഖ്യ യോഗം ചര്‍ച്ച ചെയ്യും.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടി ജെഡിയു നേതാവ് നിതീഷ് കുമാറുമായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടത്താനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. മറ്റ് സ്വതന്ത്ര പാര്‍ട്ടികളെയും എത്തിക്കാൻ നീക്കം നടത്തുന്നുണ്ട്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയത്തിൽ മമത ബാനര്‍ജി അഭിനന്ദിച്ചു.

അതേസമയം, മന്ത്രിസഭ രൂപീകരണത്തില്‍ ഇതുവരെ നിതീഷ് കുമാര്‍ ബിജെപിയെ നിലപാട് അറിയിച്ചിട്ടില്ല. ഇത് ബിജെപിയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നിതീഷും ചന്ദ്രബാബു നായിഡുവും വിലപേശല്‍ നടത്താനുള്ള സാധ്യതയും ബിജെപി തള്ളിക്കളയുന്നില്ല. അതിനാല്‍ തന്നെ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൊണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ഇരു പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.

അതേസമയം, വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ കിങ് മേക്കർ ചന്ദ്ര ബാബു നായിഡു നിർണായക ഉപാധികൾ ബിജെപിക്ക് മുമ്പാകെ വെക്കുമെന്നാണ് വിവരം. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ശ്രമം. സുപ്രധാനക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടും. എൻഡിഎ കൺവീനർ സ്ഥാനവും ഉറപ്പിക്കും. എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ചന്ദ്രബാബു നായിഡു 11 മണിക്ക് ദില്ലിയിലേക്ക് തിരിക്കും. അതേസമയം, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ജൂണ്‍ ഒമ്പതിന് രാവിലെ 11.53ന് അമരാവതയില്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യും.

അതേസമയം,.കേന്ദ്രമന്ത്രിസഭ യോഗം ഇന്ന് രാവിലെ 11.30 ന് ചേർന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. തുടര്‍ന്ന് എൻഡിഎ യോഗത്തിന് ശേഷം പുതിയ സർക്കാരിനുള്ള അവകാശവാദം ഉന്നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here