പഴയ സ്നേക്ക് ഗെയിമിനൊപ്പം ക്യാമറ, ആപ്പുകള്‍, ഇരട്ട സിം, 4ജി; നോക്കിയ 3210 വീണ്ടും ഇന്ത്യയില്‍, വിലയറിയാം

0
127

ദില്ലി: മറക്കാന്‍ പറ്റുമോ ‘നോക്കിയ 3210’ മോഡല്‍. കയ്യിലൊതുങ്ങുന്ന നോക്കിയ 3210 ആഢംബര ഫോണ്‍ പോലെ ഉപയോഗിച്ച ഒരുകാലമുണ്ടായിരുന്നു നമുക്ക് മിക്കവര്‍ക്കും. ഈ ഫോണിലെ സ്നേക്ക് ഗെയിം ആര്‍ക്കും മറക്കാനാവില്ല. പുതിയ കാലത്ത് 4ജി കണക്റ്റിവിറ്റിയില്‍ ക്യാമറയും ആപ്പുകളും യൂട്യൂബും യുപിഐ സംവിധാനവും സഹിതം വമ്പന്‍ പ്രത്യേകതകളുമായി നോക്കിയ 3210 ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പഴയ മോഡലിലെ പോലെ കീപാഡ് രീതിയിലാണ് ഈ ക്ലാസിക് ഫോണ്‍ പുനരവതരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ മടങ്ങിയെത്തിയ പരിഷ്‌കരിച്ച നോക്കിയ 3210ല്‍ പഴയ മോഡലില്‍ നിന്ന് വലിയ മാറ്റങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഡിസൈനടക്കം പഴയ പ്രതാപത്തിന് കോട്ടം തട്ടിയിട്ടുമില്ല. പഴയ സ്നേക്ക് ഗെയിം നിലനിര്‍ത്തിയതാണ് ഏറ്റവും ഹൈലൈറ്റ്. ഒറിജനല്‍ മോഡല്‍ പുറത്തിറക്കിയതിന്‍റെ 25-ാം വാര്‍ഷികത്തിലാണ് പരിഷ്‌കരിച്ച നോക്കിയ 3210 മോഡലിന്‍റെ വരവ്. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് 3210ന്‍റെ രണ്ടാം ജന്‍മം. 1,450 എംഎഎച്ച് ബാറ്ററി ഉള്‍ക്കൊള്ളുന്ന ഫോണില്‍ രണ്ട് മെഗാപിക്‌സലിന്‍റെ റിയര്‍ ക്യാമറയും റിയര്‍ എല്‍ഇഡി ഫ്ലാഷുമുണ്ട്. 4ജിയില്‍ 9.8 മണിക്കൂര്‍ വരെ ടോക്ക്‌ടൈമാണ് നോക്കിയ ഈ മോഡലില്‍ അവകാശപ്പെടുന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്‍റിനായി സ്‌കാന്‍ ചെയ്‌ത് ഉപയോഗിക്കാനാവുന്ന എന്‍പിസിഐ അംഗീകരിച്ച യുപിഐ ആപ്ലിക്കേഷന്‍ ഫോണിലുണ്ട്. കാലാവസ്ഥ, വാര്‍ത്ത, ക്രിക്കറ്റ് സ്കോര്‍, ഗെയിമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എട്ട് ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഉപയോഗിക്കാം. ഇതിന് പുറമെ യൂട്യൂബ്, യൂട്യൂബ് മ്യൂസിക് എന്നിവയും ലഭിക്കും.

ഇരട്ട സിം കാര്‍ഡുകള്‍ ഇടാനാകുന്ന പുതിയ നോക്കിയ 3210ല്‍ 2.4 ഇഞ്ച് QVGA ഡിസ്‌പ്ലെയാണുള്ളത്. എസ്30+ ഓപ്പറേറ്റിംഗ് സിസ്റ്റം, 64 എംബി റാം, 128 എംബി ഇന്‍ബിള്‍ട്ട് സ്റ്റോറേജ്, 32 ജിബി വരെ ഉള്‍ക്കൊള്ളാവുന്ന മൈക്രോഎസ്‌ഡി കാര്‍ഡ് സ്ലോട്ട് എന്നിവയുണ്ട്. ബ്ലൂടൂത്ത് 5.0, വയേര്‍ഡ് ആന്‍ഡ് വയര്‍ലെസ് എഫ്എം, എംപി3 പ്ലെയര്‍, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയവയുമുള്ള പുതിയ നോക്കിയ 3210ന് 3,999 രൂപയാണ് വില. നോക്കിയ ഇന്ത്യ വെബ്‌സൈറ്റും ആമസോണും റീടെയ്‌ല്‍ ഔട്ട്‌ലെറ്റുകളും വഴി ഫോണ്‍ വാങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here