നിലവാരമില്ലാത്ത റോഡുകൾക്ക് ഹൈവേ ഏജൻസികൾ ടോൾ ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യത്തെ ഹൈവേ ഏജൻസികൾക്ക് ശക്തമായ സന്ദേശം നൽകിയത്. റോഡുകൾ നല്ലതല്ലെങ്കിൽ ടോൾ പിരിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പല ഹൈവേകളുടേയും സ്ഥിതി വളരെ മോശമാണെങ്കിലും അവിടെ കനത്ത ടോൾ പിരിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന.
എൻഎച്ച്എഐയുടെ നേതൃത്വത്തിൽ രാജ്യത്തെ ഹൈവേ ഏജൻസികൾ റോഡ് പദ്ധതി പൂർത്തിയാകുമ്പോൾ ടോൾ പിരിക്കാനുള്ള തിരക്കിലാണെന്ന് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ നിതിൻ ഗഡ്‍കരി പറഞ്ഞു. സാറ്റലൈറ്റ് അധിഷ്‌ഠിത ടോളിംഗിനെക്കുറിച്ചുള്ള ആഗോള ശിൽപശാലയി സംസാരിക്കുകയായിരുന്നു മന്ത്രി. ഏജൻസികൾ ആദ്യം മികച്ച നിലവാരമുള്ള സേവനം ഉറപ്പാക്കണമെന്നും അതിനുശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്നും ഗഡ്കരി ആവശ്യപ്പെടുന്നു. ഈ മാസം ആദ്യം ദേശീയ പാതകളിലെ ടോൾ ഫീസ് എൻഎച്ച്എഐ അഞ്ച് ശതമാനം വർധിപ്പിച്ചത് ശ്രദ്ധേയമാണ്.
തകർന്നതോ അപൂർണ്ണമായതോ ആയ റോഡുകളിൽ ടോൾ പിരിക്കുന്ന ഹൈവേ ഏജൻസികൾക്കെതിരെ ഗഡ്കരി ആഞ്ഞടിച്ചു. നല്ല നിലവാരമുള്ള റോഡ് നിർമിച്ച ശേഷമേ ടോൾ പിരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. കുഴികളും ചെളിയും നിറഞ്ഞ റോഡുകളിൽ ടോൾ ഈടാക്കിയാൽ ജനങ്ങൾ രോഷാകുലരാവും. പുനർനിർമ്മാണത്തിന് ശേഷവും നിരവധി കുഴികൾ ദൃശ്യമാകുന്ന മുംബൈ-ഗോവ ഹൈവേയുടെ (MH66) അവസ്ഥ കണക്കിലെടുക്കുമ്പോൾ ഗഡ്‍കരിയുടെ വാക്കുകൾ പ്രധാനമാണ്.
ബസുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള ഹൈവേ ഏജൻസികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളെ ടോൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിതിൻ ഗഡ്കരി പറയുന്നതനുസരിച്ച്, പുതിയ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം നടപ്പിലാകയും പഴയ ഫാസ്ടാഗ് സംവിധാനം നീക്കം ചെയ്യുകയും ചെയ്താൽ ഇന്ത്യൻ ഹൈവേകളിൽ നിന്നുള്ള ടോൾ പിരിവിൽ കുറഞ്ഞത് 10,000 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നു. പുതിയ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം ഫിസിക്കൽ ടോൾ പ്ലാസകൾക്ക് പകരമാകും. ഹൈവേകൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള കൃത്യമായ ദൂരം അടിസ്ഥാനമാക്കിയാണ് ഇത് ടോൾ പിരിക്കുന്നത്.