മോദി വീണ്ടും പ്രധാനമന്ത്രിയാകും, നിതീഷും നായിഡുവും കത്ത് നൽകി; ഉപാധികൾ എന്തെല്ലാം! രാഹുൽ പ്രതിപക്ഷ നേതാവ്?

0
291

ദില്ലി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.

കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കി. സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ നേതാക്കൾ ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണും. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാകും ആവശ്യപ്പെടുക.

അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എൻ ഡി എ സർക്കാരിനുള്ള കത്ത് നൽകിയ സാഹചര്യത്തിലാണ് തുടർ ചർച്ചകൾക്ക് സാധ്യത മങ്ങിയത്. എന്നാൽ സർക്കാർ രൂപീകരണത്തിന് പ്രാദേശിക കക്ഷികൾ ശ്രമിച്ചാൽ പിന്തുണക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിന്‍റെ കാര്യത്തിലുള്ള ചർച്ചകളിലേക്കാണ് കടന്നത്. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം. 99 സീറ്റുകൾ നേടിയ കോൺഗ്രസിന്‍റെ അവകാശവാദം മുന്നണി യോഗത്തിൽ അംഗീകരിക്കപ്പെടാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here