കോഴിക്കോട്: മുസ്ലീം ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് മുഖ്യമന്ത്രി നോക്കുന്നത് നല്ലതാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തനിക്കെതിരെ സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയൻ മുസ്ലീം ലീഗിനെതിരെ തീർക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. തോൽവിയിലും വേണം ഒരു അന്തസ്. ഇടതുമുന്നണിയുടെ തോൽവിയിലും അന്തസു കാണുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു.
പരാജയം അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. തൻ്റെ മുഖം വികൃതമാണോയെന്ന് മുഖ്യമന്ത്രി ആദ്യം പരിശോധിക്കണമെന്നും സലാം പറഞ്ഞു. പ്ലസ് വൺ പ്രതിസന്ധിയിലും പിഎംഎ സലാം പ്രതികരിച്ചു. കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർട്ടിയാണ് സിപിഎം. വിദ്യാർത്ഥി നേതാക്കളെ സർക്കാർ ജയിലിലടയ്ക്കുകയാണ്. ഈ പോക്കാണ് പോകുന്നതെങ്കിൽ സമരം മുസ്ലീം ലീഗ് ഏറ്റെടുക്കും. അടിയന്തിര പരിഹാരം കാണണം, ഇല്ലെങ്കിൽ കാണിക്കേണ്ടി വരും. സീറ്റുകളുടെ എണ്ണം കൂട്ടി കുത്തിനിറച്ച് കുട്ടികളെ പഠിപ്പിക്കാനാവില്ല. അത് മുസ്ലീം ലീഗ് സമ്മതിക്കുകയുമില്ല. വ്യക്തിഗത പരിഗണന കുട്ടികൾക്ക് ക്ലാസിൽ കിട്ടണം. അമ്പതു കുട്ടികൾക്കു മുകളിൽ ക്ലാസുമുറികളിൽ അനുവദിക്കാനാവില്ല. ഇനി കാത്തു നിൽക്കാൻ സമയമില്ല. 25ന് യൂത്ത് ലീഗ് സമരം കൂടി കഴിഞ്ഞാൽ സമരം മുസ്ലീം ലീഗ് ഏറ്റെടുക്കും. മുസ്ലീം ലീഗിന് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.