മോദി സർക്കാർ വൈകാതെ തകരും; ഇൻഡ്യ സഖ്യം അധികാരത്തിൽ വരും -ഉദ്ധവ് താക്കറെ

0
194

മുംബൈ: ജൂൺ ഒമ്പതിന് അധികാരമേറ്റ മോദി സർക്കാർ തകരുമെന്നും ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുമെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. തന്‍റെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കൊപ്പം ഒരിക്കലും പോകില്ലെന്നും, മുംബൈയിൽ ശിവസേന സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഉദ്ധവ് പറഞ്ഞു. ഉദ്ധവ് വിഭാഗം ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരാമർശം.

“ബി.ജെ.പി അവരുടെ പരാജയം മറച്ചുവെക്കാനായി ശിവസേന എൻ.ഡി.എ സഖ്യത്തിൽ ചേരുമെന്ന വാർത്ത പ്രചരിപ്പിക്കുകയാണ്. ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കൊപ്പം ഞങ്ങൾ പോകില്ല. ടി.ഡി.പിയും ജെ.ഡി.യുവുമായുള്ള ബി.ജെ.പിയുടെ സഖ്യത്തിന് അധികം ആയുസ്സുണ്ടാകില്ല. മോദി സർക്കാർ വൈകാതെ തകരും. ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും” -ഉദ്ധവ് പറഞ്ഞു.

ബി.ജെ.പിയുടെ ഹിന്ദുത്വ ആശയം യാഥാസ്തികമാണെന്നും ശിവസേനയുടേത് പുരോഗമനപരമാണെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ അവകാശപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് വിഭാഗം ശിവസേന സംസ്ഥാനത്തെ ഒമ്പത് സീറ്റുകളിലാണ് ജയിച്ചത്. എൻ.ഡി.എ സഖ്യത്തിലുള്ള ഷിൻഡെ വിഭാഗം ശിവസേന ഏഴ് സീറ്റിലും ജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here