മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യൽ നടപടികൾ ജൂലായ് ഒന്ന് മുതല്‍ മാറും; പുതിയ നിയമങ്ങൾ അറിയാം

0
65

സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക.

ട്രായ് നിയമം അനുസരിച്ച്, നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവര്‍ത്തന രഹിതമായതോ ആയ സിം കാര്‍ഡിന് പകരം പുതിയ സിംകാര്‍ഡ് നല്‍കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കില്‍ സിം റീപ്ലേസ്‌മെന്റ് എന്ന് പറയുന്നത്. മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തി മറ്റൊരു സേവന ദാതാവിലേക്ക് മാറാനുള്ള മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യവും ലഭ്യമാണ്.

ഈ പ്രക്രിയകള്‍ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ മുമ്പ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതല്‍ ഇതു പ്രാബല്യത്തിലാകും.

സിം കാര്‍ഡ് നഷ്ടമായാല്‍ നമ്പര്‍ മറ്റൊരു സിം കാര്‍ഡിലേക്ക് മാറ്റാന്‍ ഉപഭോക്താവിനു കഴിയും. അതേസമയം, ഉപഭോക്താവ് അറിയാതെ ഫോണ്‍നമ്പര്‍ മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ.ടി.പി. നമ്പറുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപകമാണ്. സിം പ്രവര്‍ത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്പര്‍ പോര്‍ട്ട് ചെയ്തകാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടാകും.

ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്പര്‍ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here