രാഹുല്‍ഗാന്ധി കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം; മലപ്പുറത്ത് പച്ചക്കൊടിയുയര്‍ത്തി ഇ.ടി.

0
72

മലപ്പുറം: തന്റെ തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം വാരിയെടുത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം ഇ.ടി.യുടേതാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം മലപ്പുറം മണ്ഡലത്തില്‍നിന്നുതന്നെ വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്കാണു ലഭിച്ചത്. 2,60,153 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുമുന്‍പ് 2014-ല്‍ മലപ്പുറത്തുനിന്നു വിജയിച്ച ഇ. അഹമ്മദിന്റെ 1,94,739 വോട്ടായിരുന്നു റെക്കോഡ്. ഇതെല്ലാം മറികടന്നാണ് ഇ.ടി. കോട്ടക്കുന്നില്‍ പച്ചക്കൊടിയുയര്‍ത്തിയത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എതിരാളികള്‍ ചിത്രത്തിലേ വന്നില്ല. മലപ്പുറം ലോക്്‌സഭാമണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്. ആധിപത്യമാണ്. നേരത്തേ പൊന്നാനി മണ്ഡലത്തിലെ എം.പി.യായിരുന്ന ഇ.ടി.യെ ഇത്തവണ മലപ്പുറത്ത് മത്സരിക്കാനാണ് നേതൃത്വം നിയോഗിച്ചത്. മണ്ഡലം മാറ്റത്തിനുപിന്നില്‍ പരാജയഭീതിയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തിന് മധുരമായ മറുപടിയാണ് ഭീമമായ ഭൂരിപക്ഷത്തിലൂടെ അദ്ദേഹം നല്‍കിയത്.

6,44,006 വോട്ടാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ നേടിയത്. തൊട്ടുപിന്നിലുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫിന് 3,43,888 വോട്ട് ലഭിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍സലാമിന് 85,361 വോട്ടുണ്ട്.

2019-ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 5,89,873 വോട്ടാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച വി.പി. സാനുവിന് 3,29,720 വോട്ടും ലഭിച്ചു. 2021-ലെ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫിനുവേണ്ടി മത്സരിച്ച എം.പി. അബ്ദുസ്സമദ് സമദാനിക്ക് 5,38,248 വോട്ടുണ്ടായിരുന്നു. അന്നും എതിരാളിയായത് വി.പി. സാനു തന്നെ. അദ്ദേഹത്തിന് 4,23,633 വോട്ടുണ്ടായിരുന്നു. വസീഫിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ യുവാക്കളുടെ വോട്ടാണ് എല്‍.ഡി.എഫ്. ലക്ഷ്യമിട്ടത്. ആവേശകരമായ പ്രചാരണം കാഴ്ചവെക്കാനും വസീഫിന് കഴിഞ്ഞു. യുവാക്കളും വിദ്യാര്‍ഥികളുമെല്ലാം പ്രചാരണത്തില്‍ സക്രിയമായിരുന്നു. പരമാവധി വോട്ടും അദ്ദേഹം പിടിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഇ.ടി.ക്കു മുന്നില്‍ വസീഫിന് അടിപതറേണ്ടിവരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here