കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ വോട്ട് എൻ.ഡി.എ.യിലേക്കും പോയി

0
181

കാസർകോട്: കാസർകോട് മണ്ഡലത്തിൽ 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് കുറഞ്ഞ വോട്ടുകളിൽ നല്ലൊരു ഭാഗം എൻ.ഡി.എ.യിലേക്ക് പോയത് സി.പി.എമ്മിനെ ഞെട്ടിച്ചു. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാമണ്ഡലങ്ങളിലാണ് ഈ വോട്ട് ചോർച്ച കൂടുതൽ. ഇതിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് കുറഞ്ഞു. ഉദുമയിലും തൃക്കരിപ്പൂരിലും പയ്യന്നൂരിലും കല്യാശ്ശേരിയിലും യു.ഡി.എഫിന് കൂടിയതിനേക്കാൾ പലമടങ്ങ് വോട്ടാണ് എൻ.‍ഡി.എ.യ്ക്ക് കൂടിയത്.

തൃക്കരിപ്പൂർ, പയ്യന്നൂർ മണ്ഡലങ്ങളിലാണ് ഈ ചോർച്ച കൂടുതൽ പ്രകടം. തൃക്കരിപ്പൂരിൽ എൽ.ഡി.എഫിന് 11,208 വോട്ട് കുറഞ്ഞപ്പോൾ യു.ഡി.എഫിന് കൂടിയത് 1,139 വോട്ട് മാത്രമാണ്. ഇതേസമയം എൻ.ഡി.എ.യ്ക്ക് കൂടിയത് 8,433 വോട്ട്. പയ്യന്നൂരിൽ എൽ.ഡി.എഫിന് 11,420 വോട്ട് കുറഞ്ഞപ്പോൾ എൻ.ഡി.എ.യ്ക്ക് കൂടിയത് 9,198 വോട്ട്. യു.ഡി.എഫിന് കൂടിയത് വെറും 1,454 വോട്ട് മാത്രം. കല്യാശ്ശേരിയിലും സ്ഥിതി വ്യത്യസ്തമല്ല. എൽ.ഡി.എഫിന് 8,137 വോട്ടാണ് കുറഞ്ഞത്. എൻ.ഡി.എ.യ്ക്ക് 7,834-ഉം യു.ഡി.എഫിന് 4,499-ഉം വോട്ട് കൂടി. സി.പി.എമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലാണ് എൻ.ഡി.എ.യുടെ ഈ കടന്നുകയറ്റം.

ഉദുമയിൽ എൽ.ഡി.എഫിന് 2,898 വോട്ട് കുറഞ്ഞപ്പോൾ യു.ഡി.എഫിന് കൂടിയത് 124 വോട്ട് മാത്രം. എൻ.ഡി.എ.യുടെ വോട്ട് വർധന അദ്‌ഭുതപ്പെടുത്തുന്നതാണ്. 7,449 വോട്ട്. കന്നിവോട്ടർമാരിലും ലോക്‌സഭാ മണ്ഡലത്തിൽ പുതുതായി വന്ന വോട്ടർമാരിലും ഒരു വിഭാഗം എൻ.ഡി.എ. സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് ഇതിൽനിന്ന് വ്യക്തം. മറ്റ് മണ്ഡലങ്ങളിലും ഇവരുടെ വോട്ട് കൂടുതലും സ്വന്തമാക്കിയത് യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികളാണ്.

ശക്തികേന്ദ്രത്തിൽ എൻ.ഡി.എ.യ്ക്ക് വോട്ട് വർധന കുറവ്

എൻ.ഡി.എ.യുടെ ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ അവർക്ക് പക്ഷേ, നാമമാത്രമായ വോട്ട് വർധനയേയുള്ളൂ. യഥാക്രമം 75-ഉം 402-ഉം വോട്ടുകൾ മാത്രം. ഇവിടെ യു.ഡി.എഫിന് യഥാക്രമം 6,220-ഉം 3,617-ഉം വോട്ട് വീതം കൂടി. എൽ.ഡി.എഫിന് ഇവിടെ അല്പം ആശ്വസിക്കാൻ വകയുണ്ട്. കുറഞ്ഞത് യഥാക്രമം 2,640-ഉം 2,405-ഉം വോട്ടുകൾ. ഈ മണ്ഡലങ്ങളിൽ വോട്ട് വിഹിതം കൂടുതൽ യു.ഡി.എഫിനും എൻ.ഡി.എ.യ്ക്കുമാണ്. എൽ.ഡി.എഫ്. ഇവിടെ പതിവായി മൂന്നാംസ്ഥാനത്താണ്.

യു.ഡി.എഫിനും വോട്ട് കുറഞ്ഞു

കാഞ്ഞങ്ങാട്ട് എൽ.ഡി.എഫിന് 7,670 വോട്ട് കുറഞ്ഞപ്പോൾ എൻ.ഡി.എ.യ്ക്ക് 9,255 വോട്ട് കൂടി. മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ട് കൂടിയെങ്കിലും കാഞ്ഞങ്ങാട്ട് 3,399 വോട്ട് കുറഞ്ഞു. ഇവിടെ യു.ഡി.എഫ്. വോട്ടും എൻ.ഡി.എ.യ്ക്ക് കിട്ടിയിരിക്കാനിടയുണ്ട്.

സി.പി.എം. സ്വാധീനകേന്ദ്രങ്ങളിലെ വോട്ട് യു.ഡി.എഫിലെ രാജ്മോഹൻ ഉണ്ണിത്താനും എൻ.ഡി.എ.യിലെ എം.എൽ.അശ്വിനിയും ചോർത്തിയതാണ് എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ കനത്ത പരാജയത്തിന് കാരണം.

ഈ വോട്ട് ചോർച്ച വരുംദിവസങ്ങളിൽ സി.പി.എമ്മിൽ ഏറെ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പ്. കാടിളക്കി പ്രചാരണം നടത്തിയിട്ടും വോട്ടുകൾ എൻ.ഡി.എ.യുടെ പെട്ടിയിലേക്ക് പോയതാണ് അവരെ കൂടുതൽ അസ്വസ്ഥരാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here