എത്രയായാലും പഠിക്കില്ല! രൂപ മാറ്റം വരുത്തിയ പോളോ കാർ വീണ്ടും പൊക്കി എംവിഡി, ഉടമക്ക് കിട്ടിയത് എട്ടിന്‍റെ പണി

0
159

അമ്പലപ്പുഴ: ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി രൂപ മാറ്റം വരുത്തിയ കാറുമായി വീണ്ടും നിരത്തിലിറങ്ങിയ കാറുടമക്ക് കിട്ടിയത് എട്ടിന്‍റെ പണി. കാർ പിടികൂടി കനത്ത പിഴ ചുമത്തി വാഹന രജിയ്ട്രേഷനും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ ആർടിഒയുടെ കീഴിൽ രജിസ്റ്റർ ചെയ്ത ഫോക്സ് വഗാൺ പോളോ കാറാണ് നിയമലംഘനം നടത്തിയതിന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ രമണന്‍റെ നേതൃത്വത്തിലുള്ള സംഘം ആറാട്ടു വഴിയിൽ വെച്ച് പിടികൂടിയത്.

വാഹനമോടിച്ചിരുന്ന ചേർത്തല സ്വദേശി കാളിദാസസന്റെ ലൈസൻസ് താൽക്കാലികമായി 3 മാസത്തേക്ക് റദ്ദ് ചെയ്തുവെന്നും ഇദ്ദേഹത്തിൽ നിന്ന് 21,500 രൂപ പിഴയീടാക്കിയതായും ആർടിഒ അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തു. കെഎല്‍ 35 എ 9966 രജിസ്ട്രേഷൻ നമ്പരിലുള്ള ഫോക്സ് വാഗൻ പോളോ കാറാണ് ഉടമ നിയമങ്ങൾ കാറ്റിൽ പറത്തി രൂപമാറ്റം വരുത്തിയത്. 16.5 സെ. മീ ഉണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് സസ്പെൻഷൻ 6 സെന്റീ മീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിംഗ് വീൽ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുമെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകൾക്കും മാറ്റം വരുത്തി. അമിതമായ ശബ്ദം കേൾപ്പിക്കാനായി കാറിന് പ്രത്യേക സൈലൻസറും ഘടിപ്പിച്ചിരുന്നു.വാഹനത്തിൽ സൺ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു. രൂപ മാറ്റം വരുത്തി നിരത്തിലോടിയ ഈ കാർ കഴിഞ്ഞ മാസം എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ പിടികൂടി 25,500 രൂപ പിഴയീടാക്കിയിരുന്നു. വാഹനത്തിൽ വരുത്തിയ മാറ്റം പൂർവസ്ഥിതിയിലാക്കാമെന്ന ഉറപ്പിൻമേൽ മാപ്പപേക്ഷ എഴുതി നൽകിയ ശേഷമാണ് വാഹനം അന്നു വിട്ടു കൊടുത്തത്. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഈ വാഹനം ആർടിഒ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here