ബംഗളൂരു: ഷവർമ കഴിച്ച് പലർക്കും ദേഹാസ്വാസ്ഥ്യം. സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ പരാതിയെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് വൃത്തിഹീനമായ ഷവർമ വിൽക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി ആരംഭിച്ചു. കബാബ്, ഗോബി മഞ്ചൂരിയൻ, പാനിപൂരി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി), ബംഗളൂരു അർബൻ ജില്ല, തുംകുരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു, ബല്ലാരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ 10 ജില്ലകളിൽ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഷവർമ സാമ്പിളുകൾ ശേഖരിച്ചു. 17 സാമ്പിളുകളിൽ ഒൻപത് എണ്ണം മാത്രമാണ് ഉപയോഗയോഗ്യം. ബാക്കിയുള്ള സാമ്പിളുകളിൽ ബാക്ടീരിയയുടെയും യീസ്റ്റിന്‍റെയും അംശങ്ങൾ അടങ്ങിയിട്ടുണ്ട്. വൃത്തിഹീനമായ പാചകരീതിയോ ഭക്ഷണശാലകളിൽ നീണ്ടുനിൽക്കുന്ന മാംസം സംഭരിക്കുന്നതോ ആകാം ഇതിന് കാരണം.