രുചി മതി ‘നിറം’ വേണ്ട’: ഭക്ഷണത്തിൽ കൃത്രിമ നിറം ​ചേർക്കുന്നത് നിരോധിച്ച് കർണാടക

0
82

ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുത്. ജനങ്ങളുടെ ആരോ​ഗ്യത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

എക്സിലൂടെ(മുൻപത്തെ ട്വിറ്റർ) ഇതുസംബന്ധിച്ച പ്രസ്താവനയും ആരോ​ഗ്യമന്ത്രി ദിനേശ് ​ഗുണ്ടു റാവു പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുതനിർദേശം മറികടക്കുന്ന ഭക്ഷ്യനിർമാതാക്കൾക്കെതിരെ ഏഴുവർഷം തടവും പത്തുലക്ഷംരൂപ പിഴയും അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

കബാബുകളിൽ അമിതമായ അളവിൽ കൃത്രിമനിറങ്ങൾ ചേർക്കുന്നുവെന്നത് സംബന്ധിച്ച് കർണാടക ഭക്ഷ്യസുരക്ഷാവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് കബാബുകളുടെ മുപ്പത്തിയൊമ്പത് സാമ്പിളുകൾ ലാബിൽ പരിശോധിക്കുകയും അവയിൽ നിരവധി കൃത്രിമനിറത്തിന്റെ ആധിക്യമുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. സൺസെറ്റ് യെല്ലോ, കാർമോയ്സിൻ എന്നീ നിറങ്ങളാണ് അമിതമായ അളവിൽ കണ്ടെത്തിയത്.

2011-ലെ ഭക്ഷ്യസുരക്ഷാനിയമപ്രകാരം കബാബുകളുടെ നിർമാണത്തിൽ ഏതുതരത്തിലുള്ള കൃത്രിമനിറങ്ങളും ഉപയോ​ഗിക്കരുതെന്ന നിർദേശമുണ്ട്.

ഈ വർഷം മാർച്ചിൽ ​ഗോബി മഞ്ചൂരിയൻ, കോട്ടൺ കാൻഡി എന്നിവയിൽ കൃത്രിമനിറം ചേർക്കുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. കുട്ടികളിൽ ഉൾപ്പെടെ ഇവ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണത്. റൊഡാമിൻ-ബി പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളുടെ സാന്നിദ്ധ്യം ഈ ഭക്ഷണങ്ങളിൽ കണ്ടെത്തിയതിനെ തുടർ‌ന്നായിരുന്നു നടപടി. തമിഴ്നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചതും ഇതേ കാരണത്താലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here