കെ ഫോൺ പൊളിഞ്ഞ് പാളീസായി, എല്ലാം സമ്മതിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്

0
138

തിരുവനന്തപുരം: അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച കെ ഫോൺ പൊളിഞ്ഞ് പാളീസായെന്ന് സമ്മതിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. 150 കോടിയുടെ വാര്‍ഷിക വരുമാനം ലക്ഷ്യമിട്ട് അതിവേഗം മുന്നേറുകയാണെന്ന കെ ഫോൺ അധികൃതരുടെ അവകാശ വാദം നിലനിൽക്കെ, ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍റെ പകുതി പോലും പൂര്‍ത്തിയായില്ല എന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്.

പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കിലും മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും ഇന്‍റര്‍നെറ്റ് എത്തിക്കുകയും ഡിജിറ്റൽ സമത്വത്തിലൂടെ നവകേരള നിര്‍മ്മിതിയുമായിരുന്നു പിണറായി സര്‍ക്കാര്‍ കെ ഫോണുകൊണ്ട് ഉദ്ദേശിച്ചത്. ഒന്നാം സര്‍ക്കാരിന്‍റെ കാലത്ത് ഒന്നാം ഘട്ടം ഉദ്ഘാടനവും 2021ൽ പദ്ധതി പൂര്‍ത്തീകരണവുമായിരുന്നു ലക്ഷ്യമിട്ടത്. പിന്നീടതിനെ ശാക്തീകരിക്കും എന്നും പ്രഖ്യാപിച്ചു. എന്നാൽ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന് വര്‍ഷം മൂന്നായിട്ടും സംഗതി തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. 14000 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ ഇതാ ഒരു മാസത്തിനകം എന്ന് പറഞ്ഞ് വര്‍ഷം ഒന്ന് തീരാറായിട്ടും പ്രോഗ്രസ് റിപ്പോര്‍ട്ടിൽ സൗജന്യ കണക്ഷൻറെ എണ്ണം വെറും 5856 മാത്രം.

30000 സര്‍ക്കാര്‍ ഓഫീസ് ലക്ഷ്യമിട്ടതിൽ കെ ഫോൺ വക നെറ്റ് കിട്ടുന്നത് 21311 ഇടത്ത് മാത്രമെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. വാണിജ്യ കണക്ഷൻ ലഭ്യമാക്കുന്നതിന് എന്റെ കെ ഫോൺ എന്ന പേരിൽ മൊബൈൽ അപ്ലിക്കേഷനും വെബ്സൈറ്റും സജ്ജമാക്കിയെന്നു പറയുന്നുണ്ടെങ്കിലും ഗാര്‍ഹിക വാണിജ്യ കണക്ഷനുകളുടെ മറ്റ് വിവരങ്ങളൊന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കണക്ഷൻ നടപടികൾക്ക് ലാസ്റ്റ് മൈൽ നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരെ കണ്ടെത്തി വരുന്നതെ ഉള്ളു എന്നും മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. ഫൈബര്‍ ശൃംഘലയിൽ 4300 കിലോമീറ്റര്‍ പാട്ടത്തിന് നൽകാനായെന്നും അത് 10000 കിലോമീറ്ററാക്കുമെന്നും അതുവഴി വരുമാനം വരുമെന്നുമൊക്കെയാണ് കഴിഞ്ഞ മാസം കെ ഫോൺ അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താ കുറിപ്പിലെ അവകാശവാദം. പദ്ധതി ചെലവും പരിപാലന തുകയും കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നിൽക്കാനെന്നിരിക്കെ പ്രതിസന്ധിയിലാണ് പദ്ധതിയെന്ന് പറയാതെ പറയുന്നതാണ് പ്രോഗ്രസ് റിപ്പോര്‍ട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here