ന്യൂഡൽഹി: ഇന്ത്യയിലെ മൂന്ന് പ്രധാന ടെലികോം ഓപ്പറേറ്റർമാരും തങ്ങളുടെ മൊബൈൽ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചത് മൂലം പ്രതിവർഷം രാജ്യത്തെ ജനങ്ങൾക്ക് 47500 കോടി രൂപ അധികമായി ചിലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. സമീപ വർഷങ്ങളിൽ രാജ്യത്തെ മൊബൈൽ ഡാറ്റ, കാൾ സേവനങ്ങളുടെ ആനുപാതിക തോത് കണക്കാക്കിയാണ് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പഠനം നടത്തിയത്.
നേരത്തെ രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ ജിയോ റിലയൻസ്, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ തുടങ്ങിയവർ തങ്ങളുടെ സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. ജിയോ റിലയൻസാണ് ആദ്യമായി നിരക്ക് വർധനവുമായി രംഗത്ത് വന്നത്. പിന്നീട് ഭാരതി എയർടെലും വിഐയും നിരക്ക് വർധിച്ചു.
ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ 10% മുതൽ 23% വരെ താരിഫ് വർധനവാണ് വോഡാഫോൺ ഐഡിയ പ്രഖ്യാപിച്ചത്. ഭാരതി എയർടെൽ 10% മുതൽ 21% വരെയും റിലയൻസ് ജിയോ 13% മുതൽ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു. ജൂലൈ മൂന്ന് മുതലാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ മൊബൈൽ നിരക്കുകൾ വർധിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താരിഫ് നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ. 5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് നെറ്റ്‌വർക്ക് ദാതാക്കൾ പറയുന്നത്.