നിതീഷിനെയും ചന്ദ്രബാബുവിനെയും ഒപ്പം കൂട്ടാൻ ഇൻഡ്യാ സഖ്യം; ഫോണിൽ ബന്ധപ്പെട്ട് ശരത് പവാർ

0
227

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ എൻ.ഡി.എയിലെ പാർട്ടികളെ ഒപ്പം കൂട്ടാൻ ശ്രമം. ഇതിന്റെ ഭാഗമായി എൻ.സി.പി നേതാവ് ശരത് പവാർ തെലുങ്കു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യുവിന്റെ നിതീഷ് കുമാറിനെയും ബന്ധപ്പെട്ടതായായി റിപ്പോർട്ടുകൾ.

കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചന്ദ്രബാബുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. നിതീഷിന് ഉപപ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് ടി.ഡി.പിയും ജെ.ഡി.യുവും എൻ.ഡി.എയുടെ ഭാഗമാകുന്നത്. നിലവിൽ 295 സീറ്റിലാണ് എൻ.ഡി.എ മുന്നിട്ടുനിൽക്കുന്നത്. ഇൻഡ്യാ സഖ്യം 231 ഇടങ്ങളിലും. ടി.ഡി.പി 16 സീറ്റിലും ജെ.ഡി.യു 14 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. ഇരുപാർട്ടികയെും പാളയത്തിൽ എത്തിച്ചാൽ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യാ സഖ്യം. ഇത് കൂടാതെ ​വൈ.എസ്.ആർ കോൺഗ്രസിനെയും ഒപ്പം കൂട്ടാനുള്ള ശ്രമമുണ്ട്. നാല് സീറ്റാണ് അവർക്കുള്ളത്.

അതേസമയം, ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ അമിത് ഷായും സഖ്യകക്ഷികളുമായി സംസാരിച്ചിട്ടുണ്ട്.

നിലവിൽ 237 സീറ്റിലാണ് ബി.ജെ.പി മു​ന്നിട്ടുനിൽക്കുന്നത്. ​രണ്ടാമതുള്ള കോൺഗ്രസ് 99 ഇടത്ത് ലീഡ് ചെയ്യുന്നു. സമാജ്‍വാദി പാർട്ടി 36ഉം തൃണമൂൽ കോൺഗ്രസ് 30ഉം ഡി.എം.കെ 21ഉം സീറ്റിൽ ലീഡ് ചെയ്യുകയാണ്. ശിവസേന ഉദ്ധവ് താക്ക​റെ വിഭാഗം 11ഉം എൻ.സി.പി ശരത് പവാർ പക്ഷം ഏഴും സീറ്റ് നേടി ഇൻഡ്യാ സഖ്യത്തിന് കരുത്ത് പകരുന്നുണ്ട്.

ഇൻഡ്യാ സഖ്യം യോഗം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ വൈകീട്ടാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here