അത്യുഷ്ണത്തിൽ പൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ 85 മരണം

0
129

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. കനത്ത ചൂടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 85 ആയി. ആകെ മരണം 100 കടന്നു.

ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡിഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ബിഹാറിൽ പോളിങ് ഉദ്യോഗസ്ഥരടക്കം 16 പേർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

അടുത്ത രണ്ടുദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നാഗ്പൂരിൽ താപനില 54 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി വിവരമുണ്ട്. ഡൽഹിയിൽ 52 ഡിഗ്രി വരെയും എത്തിയിട്ടുണ്ട്. രാജസ്ഥാനിലായിരുന്നു നേരത്തെ ഏറ്റവും ശക്തമായ ചൂട് റിപ്പോർട്ട് ചെയ്തിരുന്നത്. ഇവിടെ പിന്നീട് സ്ഥിതി നിയന്ത്രണവിധേയമാകുകയും ചെയ്തു.

എന്നാൽ, ഒഡിഷയിലും ബിഹാറിലും ഒരു രക്ഷയുമില്ലാതെ ഉഷ്ണതരംഗം തുടരുകയാണ്. ഡൽഹിയിൽ ജലക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹരിയാന സർക്കാരിന് ഉൾപ്പെടെ വേണ്ട നിർദേശങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം.

രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജൂൺ മൂന്നുവരെ ചൂട് തുടരുമെന്ന് വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here