വെറുതെ സ്ക്രീനിൽ തട്ടിയാൽ ലക്ഷങ്ങൾ കിട്ടിയേക്കാം, വൈറലായി ഹാംസ്റ്റര്‍ കോംബാറ്റ്; സുരക്ഷിതമോ ഈ കളി?

0
148

യാതൊരു മുതല്‍ മുടക്കുമില്ലാതെ പണക്കാരാകാമെന്ന വാഗ്ദാനത്തോടെയാണ് ഹാംസ്റ്റര്‍ കോംബാറ്റ് ഗെയിമിനെ കുറിച്ചുള്ള റീലുകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതില്‍ ആകൃഷ്ടരായ യുവാക്കളില്‍ പലരും യൂട്യൂബ് ടൂട്ടോറിയലുകളുടേയും മറ്റും സഹായത്തോടെ ഹാംസ്റ്റര്‍ കോയിന്‍ മൈനിങിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അടുത്തമാസം ഹാംസ്റ്റര്‍ കോംബാറ്റ് ഓകമ്പനി ക്രിപ്‌റ്റോ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇതുവഴി വന്‍തുക വരുമാനമുണ്ടാക്കാമെന്നും വീഡിയോകള്‍ വാഗ്ദാനം ചെയ്യുന്നു.

എന്താണ് ഹാംസ്റ്റര്‍ കോംബാറ്റ്

ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു പ്ലേ റ്റു ഏണ്‍ മെസേജിങ് ബോട്ട് ആണ് ഹാസ്റ്റര്‍ കോംബാറ്റ്. ഗെയിം കളിക്കുന്നതിനൊപ്പം ക്രിപ്‌റ്റോകറന്‍സി പരിചയപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. ക്രിപ്‌റ്റോ മൈനിങ് ആണിവിടെ നടക്കുന്നത്. അജ്ഞാതരായ ഒരു സംഘമാണ് ഹാംസ്റ്റര്‍ കോംബാറ്റ് ഗെയിം വികസിപ്പിച്ചത്. എന്നാല്‍ റഷ്യന്‍ സംരംഭകനായ എഡ്വേര്‍ഡ് ഗുറിനോവിച്ച് ആണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹാംസ്റ്റര്‍ കോംബാറ്റിന്റെ പ്രവര്‍ത്തനം എങ്ങനെ?

ടെലഗ്രാമില്‍ ലഭിക്കുന്ന ലിങ്കുവഴി ഉപഭോക്താക്കള്‍ക്ക് ഹാംസ്റ്റര്‍ ബോട്ട് തുറക്കാം. ഇതിന് ശേഷം ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തിരഞ്ഞെടുക്കാം. ഗെയിമിലൂടെ പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം.

ഹാംസ്റ്റര്‍ എന്ന ജീവിയുടെ ചിത്രം കാണുന്നയിടത്ത് സ്‌ക്രീനില്‍ നിരന്തരം ടാപ്പ് ചെയ്യുന്നതിനനുസരിച്ച് കോയിനുകള്‍ അഥവാ ഹാംസ്റ്റര്‍ ടോക്കനുകള്‍ ശേഖരിക്കാം. ഗെയിമിന്റെ ലിങ്കുകള്‍ പങ്കുവെച്ചാലും പ്രതിദിന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാലും കോയിനുകള്‍ ലഭിക്കും. ഈ കോയിനുകള്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ വിറ്റാല്‍ പണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനായി ലക്ഷക്കണക്കിന് കോയിനുകളാണ് ഇത് കളിക്കുന്ന യുവാക്കള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ടോണ്‍ ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഹാംസ്റ്റര്‍ കോയിനുകള്‍ ടോണ്‍ വാലറ്റ് ആപ്പിലേക്ക് മാറ്റുകയും ലിസ്റ്റ് ചെയ്യുന്ന സമയത്ത് അത് വിറ്റ് പണമാക്കിമാറ്റുകയുമാണ് ചെയ്യുക.

പണം കിട്ടുമോ?

നിലവില്‍ ഇതൊരു തട്ടിപ്പാണെന്ന റിപ്പോര്‍ട്ടുകളൊന്നുമില്ല, പല രീതിയില്‍ നടക്കുന്ന ക്രിപ്‌റ്റോ മൈനിങ് പ്രക്രിയകളില്‍ ഒന്നുമാത്രമാണിത്. ഹാംസ്റ്റര്‍ കോംബാറ്റിന്റെ കാര്യമെടുത്താല്‍ റീല്‍സിലും മറ്റും പറയുന്നത് പോലെ വന്‍ തോതിലുള്ള വരുമാനം ഹാംസ്റ്റര്‍ കോയിന്‍ ക്രിപ്‌റ്റോ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ ലഭിച്ചേക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. മാത്രവുമല്ല ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ അത്ര എളുപ്പവുമല്ല, ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട നല്ലൊരു ധാരണയില്ലാതെ അതില്‍ നിന്ന് ഫലപ്രദമായൊരു വരുമാനം നേടുക സാധ്യമല്ല.

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെ പ്രചരിച്ചതോടെയാണ് ഹാംസ്റ്റര്‍ കോംബാറ്റിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. 40 രാജ്യങ്ങളിലായി 15 കോടിയാളുകള്‍ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട യാതൊരു ധാരണയുമില്ലാത്ത കുട്ടികള്‍ പോലും ഇത് കളിക്കുന്നുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here