ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണിക്ക് പൂർണമായി സന്തോഷിക്കാനായിട്ടില്ലെന്ന് വാർത്തകൾ. നിലവിൽ മുന്നണിയുടെ ആറ് എംപിമാരാണ് ക്രമിനൽ കേസുകളിൽ വിചാരണ നേരിടുന്നത്. ഇവർ ശിക്ഷിക്കപ്പെടുകയും രണ്ടോ അതിലധികോ വർഷം തടവ് ശിക്ഷ ലഭിക്കുകയോ ചെയ്താൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്നാണ് അവസ്ഥ. ഗാസിപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അഫ്‌സൽ അൻസാരി ഇതിനകം ഗുണ്ടാ ആക്‌ട് കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇയാളുടെ ശിക്ഷ കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുകയും ചെയ്തു. തുടർന്നാണ് അദ്ദേഹം മത്സരിച്ചത്. വേനൽക്കാല അവധിക്ക് ശേഷം കോടതി ഈ കേസിൽ വീണ്ടും വാദം കേൾക്കും. കോടതി ശിക്ഷ ശരിവച്ചാൽ അൻസാരിയുടെ ലോക്‌സഭാ അംഗത്വം നഷ്ടമാകും.
അസംഗഢ് സീറ്റിൽ വിജയിച്ച ധർമേന്ദ്ര യാദവിൻ്റെ പേരിലും നാല് കേസുകൾ നിലവിലുണ്ട്. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ അംഗത്വവും നഷ്‌ടപ്പെട്ടേക്കാം. രാഷ്ട്രീയത്തിലെ 10 വർഷത്തെ വനവാസം അവസാനിപ്പിച്ച് ജൗൻപൂർ സീറ്റിൽ വിജയിച്ച ബാബു സിംഗ് കുശ്വാഹ, മായാവതി ഭരണത്തിൽ നടന്ന എൻആർഎച്ച്എം അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നേരിടുന്നു. ഇയാൾക്കെതിരെ ചുമത്തിയ 25 കേസുകളിൽ എട്ടെണ്ണത്തിലും കുറ്റം ചുമത്തിയിട്ടുണ്ട്.
സുൽത്താൻപൂർ മണ്ഡലത്തിൽ ബിജെപിയുടെ മനേക ഗാന്ധിയെ തോൽപ്പിച്ച് വിജയിച്ച രാംഭുവൽ നിഷാദിനെതിരെ ഗുണ്ടാനിയമം ഉൾപ്പെടെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചന്ദൗലി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മുൻ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയെ പരാജയപ്പെടുത്തിയ വീരേന്ദ്ര സിംഗാണ് ക്രിമിനൽ കേസുകൾ നേരിടുന്ന മറ്റൊരു എസ്പി സ്ഥാനാർഥി. സഹറൻപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസിൻ്റെ ഇമ്രാൻ മസൂദിനെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളക്കമാണിത്. രണ്ട് കേസുകളിലാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നാഗിന സംവരണ സീറ്റിൽ വിജയിച്ച ആസാദ് സമാജ് പാർട്ടിയുടെ ഏഴാം സ്ഥാനാർഥി ചന്ദ്രശേഖർ ആസാദിനെതിരെ 30ലധികം കേസുകളുണ്ട്. മുഹമ്മദ് അസം ഖാൻ, മകൻ അബ്ദുള്ള അസം, ഖബൂ തിവാരി, വിക്രം സൈനി, രാം ദുലാർ ഗോണ്ട്, കുൽദീപ് സെൻഗർ, അശോക് ചന്ദേൽ തുടങ്ങിയ ജനപ്രതിനിധികളെ നേരത്തെ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അയോഗ്യരാക്കിയിരുന്നു.