വീണ്ടും ‘യുടേൺ’: അംഗീകൃത പരിശീലകന്‍ ഡ്രൈവിംഗ് സ്കൂളിൽ മാത്രം മതി, തീരുമാനം സർക്കാർ പിന്‍വലിച്ചു

0
53

അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.

സ്‌കൂളുകളില്‍ പരിശോധന ത്വരിതപ്പെടുത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. നിര്‍ദിഷ്ട യോഗ്യതയുള്ള പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ളെൈ ഡ്രവിങ് സ്‌കൂള്‍ ജീവനക്കാര്‍ക്കു പ്രത്യേക ടെസ്റ്റ് നടത്തി പരിശീലകപദവി നല്‍കാനും തീരുമാനിച്ചു.

പരിശീലനത്തിനുള്ള ഫീസ് 10000 രൂപയായി നിശ്ചയിക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പുനല്‍കി. 3000ല്‍ കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ കുടിശ്ശികയുള്ള ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് പഠനത്തിനുള്ള വാഹനങ്ങളുടെ കാലാവധി 18ല്‍നിന്ന് 22 ആയി ഉയര്‍ത്തി.

ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ജൂണ്‍ മാസം ആദ്യം മുതല്‍ നിര്‍ബന്ദമാക്കിയിരുന്നു. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണമെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചത്. ഒരു അംഗീകൃത പരിശീലകന്‍ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പാടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. തിരിമറികാട്ടുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അംഗീകൃത പരിശീലകര്‍ പഠിതാക്കളുമായി ഹാജരാകണമെന്ന നിബന്ധനയില്‍ മോട്ടോര്‍വാഹന വകുപ്പ് ഉറച്ചുനിന്നതോടെ ചെറിയ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പ്രതിസന്ധിയിലായിരുന്നു. അതേസമയം ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് വേണമെങ്കില്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകുമെന്നായിരുന്നു നിര്‍ദേശം. ഇതിന് അംഗീകൃത പരിശീലകന്‍ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല. ആര്‍ക്കും സ്വന്തംവാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here