ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അങ്ങനൊരു അവസരം കിട്ടിയാല്‍ അത് തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായിരിക്കുമെന്ന് അബുദാബിയിലെ മെഡിയര്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഗംഭീറിനെ പരിഗണിക്കുന്നെന്ന ചര്‍ച്ചകള്‍ കൊഴുക്കവേയാണ് താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നില്ല. 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കാന്‍ ഇത് നിങ്ങള്‍ക്ക് അവസരം നല്‍കുന്നു- ഗംഭീറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ക്രിക്കറ്റ് ലോകകപ്പ് നേടുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു. ”ഇന്ത്യയെ ലോകകപ്പ് നേടാന്‍ എനിക്ക് സഹായിക്കാനാവില്ല. 140 കോടി ഇന്ത്യക്കാരാണ് ലോകകപ്പ് നേടാന്‍ ടീമിനെ സഹായിക്കുന്നത്. എല്ലാവരും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുകയും ഞങ്ങള്‍ കളിക്കാനും അവരെ പ്രതിനിധീകരിക്കാനും തുടങ്ങിയാല്‍ ഇന്ത്യ ലോകകപ്പ് നേടും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭയരഹിത ക്രിക്കറ്റ് കളിക്കേണ്ടതിന്റെ ആവശ്യകത ഗംഭീര്‍ വാദിച്ചു. നിര്‍ഭയ ക്രിക്കറ്റ് കളിക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.