ഇൻഡോർ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി പുലിവാല് പിടിച്ച് ഇൻഡോറിലെ ബിജെപി ഘടകം. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോൾ സംഘടിപ്പിച്ച വെടിക്കെട്ടാണ് തലവേദന സൃഷ്ടിച്ചത്. വെടിക്കെട്ടിനിടെ പാർട്ടി ഓഫീസിന്റെ മുകൾനിലയ്ക്ക് തീപിടിക്കുകയായിരുന്നു.
ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുമ്പോൾ തന്നെ പടക്കം പൊട്ടിക്കാനും വെടിക്കെട്ട് തുടങ്ങാനുമായിരുന്നു പാർട്ടി പ്രവർത്തകരുടെ പദ്ധതി. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കാറായി ഏകദേശം 9.15ഓടെയാണ് വെടിക്കെട്ട് തുടങ്ങിയത്. വെടിക്കെട്ടിനിടെ നാലുനില കെട്ടിടത്തിന്റെ മുകൾനിലയിൽ സമീപവാസികൾ തീ കാണുകയായിരുന്നു.
#WATCH | Madhya Pradesh | Fire broke out at BJP office in Indore. Fire tenders reached the spot and controlled the fire. pic.twitter.com/0DHqrf5wrB
— ANI (@ANI) June 9, 2024
ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ കിടന്നിരുന്ന പ്ലൈവുഡിലേക്കും സോഫയിലേക്കും പൂത്തിരി വീണതാണ് പ്രശ്‌നമായത്. ഇത് ആളിക്കത്തി മുകൾനിലയിലാകെ തീപിടിക്കുകയും ചെയ്തു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.ടെറസ്സിൽ വെച്ച് തന്നെ തീ അണയ്ക്കാനായത് വലിയ അപകടമൊഴിവാക്കിയതായി ഇൻഡോർ എസിപി തുഷാർ സിങ് അറിയിച്ചു. മുകൾനിലയിൽ ബെഡും കുഷ്യനുമടക്കമുള്ളവ കിടന്നിരുന്നതാണ് തീ ആളിപ്പടരാൻ കാരണമെന്നും ഫയർഫോഴ്‌സ് എത്തി അപ്പോൾ തന്നെ തീ അണച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മൂന്നാം മോദി സർക്കാരിൻറെ ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. നൂറ് ദിവസത്തെ അജണ്ട തയാറാക്കുന്നതിന് ഇന്നത്തെ യോഗം മുൻകൈ എടുക്കുക. സഖ്യ കക്ഷികൾക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നൽകിയിരിക്കുന്നത് . അഭ്യന്തരം , ധനകാര്യം ,പ്രതിരോധം ,വിദേശകാര്യം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ബി.ജെ.പി മന്ത്രിമാർ തന്നെയാകും കൈകാര്യം ചെയ്യുക.
ആന്ധ്രക്കും ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നൽകുക വഴി ഘടക കക്ഷികൾക്ക് മന്ത്രിസ്ഥാനം കുറയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്. 4 എം.പിമാർക്ക് ഒരു ക്യാബിനറ്റ് സ്ഥാനം എന്ന രീതിയിലായിരുന്നു സുപ്രധാന വകുപ്പുകളുടെ വിഭജനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് . അഞ്ച് പേരെ മാത്രം ലോക്‌സഭയിലേക്ക് വിജയിപ്പിച്ച ഹരിയാനയിൽ നിന്നും മൂന്ന് മന്ത്രിമാരുണ്ട്