ഒളിപ്പിച്ച് നിര്‍ത്തിയിട്ടും രക്ഷയില്ല, ഇനിയെങ്കിലും ദുബെയെ മാറ്റി സഞ്ജുവിന് അവസരം കൊടുക്കണമെന്ന് ആരാധകര്‍

0
73

ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഏഴാമനായാണ് ശിവം ദുബെയെ ഇന്ത്യ ബാറ്റിംഗിനയച്ചത്. ആദില്‍ റഷീദ് എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ പതിനാലാം ഓവറില്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പകരം ക്രീസിലെത്തിയത്.

സ്പിന്നര്‍മാരായ ആദില്‍ റഷീദും ലിയാം ലിവിംഗ്‌സ്റ്റണും ഇന്ത്യന്‍ സ്കോറിംഗിന് ബ്രേക്കിട്ടപ്പോള്‍ സ്പിന്നര്‍മാരുടെ അന്തകനെന്ന് പേര് കേട്ട ശിവം ദുബെയെ ആ സമയം ബാറ്റിംഗിനിറക്കാതിരുന്ന ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ പതിനാറാം ഓവറില്‍ സൂര്യകുമാര്‍ പുറത്തായപ്പോഴാകട്ടെ ബാറ്റിംഗില്‍ ഇതുവരെ ഫോമിലാവാതിരുന്ന രവീന്ദ്ര ജഡേജയെ ബാറ്റിംഗിനയച്ച് ശിവം ദുബെയെ ടീം മാനേജ്മെന്‍റ് സംരക്ഷിക്കുന്നതാണ് ആരാധകര്‍ പിന്നീട് കണ്ടത്. ഒടുവില്‍ പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ മാത്രമാണ് മറ്റ് വഴിയില്ലാതെ ദുബെയെ ക്രീസിലെത്തിയത്.

ക്രിസ് ജോര്‍ദ്ദാന്‍റെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ദുബെ ഒരിക്കല്‍ കൂടി ഇന്ത്യയുടെ പ്രതിസന്ധിയുടെ ആഴം കൂട്ടി. ഓള്‍ റൗണ്ടര്‍, ഇടം കൈയന്‍ ബാറ്റര്‍, വിന്‍ഡീസിലെ സ്പിന്‍ പിച്ചില്‍ സ്പിന്നർമാരുടെ അന്തകന്‍ എന്നീ വിശേഷണങ്ങളോടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുന്ന ദുബെയെ എന്തുകൊണ്ടാണ് ഇന്ത്യ മാറ്റി പരീക്ഷിക്കാന്‍ തയാറാവാത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഓള്‍ റൗണ്ടറായി ടീമില്‍ തുടരുന്ന ദുബെ ഈ ലോകകപ്പില്‍ ഇതുവരെ ബൗള്‍ ചെയ്തത് ഒരു ഓവര്‍ മാത്രമാണ്. ദുബെക്ക് പകരം സ്പെഷലിസ്റ്റ് ബാറ്റര്‍മാരായി ടീമിലുള്ള മലയാളി താരം സഞ്ജു സാംസണോ യശസ്വി ജയ്സ്വാളിനോ ഒരു തവണ പോലും അവസരം നല്‍കാതെയാണ് ടീം വീണ്ടും വീണ്ടും ദുബെയില്‍ വിശ്വാസമര്‍പ്പിക്കുന്നത് എന്ന് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here