19 പന്തില്‍ കളി തീര്‍ത്ത് ഇംഗ്ലണ്ട്! ട്വന്‍റി 20 ലോകകപ്പില്‍ പുതു റെക്കോര്‍ഡ്

0
100

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഒമാനെതിരെ ഇംഗ്ലണ്ട് 3.1 ഓവറില്‍ നേടിയ ജയം റെക്കോര്‍ഡ് ബുക്കില്‍. വെറും 19 പന്തുകള്‍ കൊണ്ട് ഒമാനെ തോല്‍പിച്ച ഇംഗ്ലണ്ട് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ജയത്തിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരം ഒരു മണിക്കൂറും 42 മിനുറ്റും പിന്നിട്ടപ്പോഴേക്ക് ഒമാനെ ഇംഗ്ലണ്ട് തോല്‍പിച്ചു.

ട്വന്‍റി 20 ലോകകപ്പ് 2024ൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ജയമാണ് ആന്‍റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ പിറന്നത്. ഒമാനെതിരെ 8 വിക്കറ്റിന്‍റെ തകർപ്പൻ ജയം മുൻ ചാമ്പ്യന്മാർ സ്വന്തമാക്കുകയായിരുന്നു. 48 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 3.1 ഓവറിൽ അടിച്ചെടുത്തു. അതിവേഗ ചേസിംഗിനിടെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (3 പന്തില്‍ 12), വണ്‍ഡൗണ്‍ പ്ലെയര്‍ വില്‍ ജാക്‌സ് (7 പന്തില്‍ 5) എന്നിവരെ ഇംഗ്ലണ്ടിന് നഷ്‌ടമായപ്പോള്‍ നായകന്‍ ജോസ് ബട്‌ലറും (8 പന്തില്‍ 24), ജോണി ബെയ്‌ര്‍സ്റ്റോയും (2 പന്തില്‍ 8) കളി 3.1 ഓവറില്‍ തീര്‍ത്തു. ജയത്തോടെ സൂപ്പർ എട്ടിലെത്താനുള്ള സാധ്യതകൾ ഇംഗ്ലണ്ട് നിലനിർത്തി.

നേരത്തെ, നെറ്റ് റണ്‍റേറ്റ് മനസില്‍ കണ്ട് ടോസ് നേടിയിട്ടും ഒമാനെ ഇംഗ്ലണ്ട് ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒമാന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. ആദിൽ റഷീദ് നാലും ജോഫ്രേ ആർച്ചർ, മാർക്ക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി. 13.2 ഓവറില്‍ 47 റണ്‍സില്‍ ഒമാന്‍ ഓള്‍ഔട്ടാവുന്നതാണ് കണ്ടത്. പ്രതിക് അഥാവാലെ (3 പന്തില്‍ 5), കശ്യപ് പ്രജാപതി (16 പന്തില്‍ 9), ആഖ്വിബ് ഇല്യാസ് (10 പന്തില്‍ 8), ഷൊയൈബ് ഖാന്‍(23 പന്തില്‍ 11), സീഷാന്‍ മഖ്‌സൂദ് (5 പന്തില്‍ 1), ഖാലിദ് കെയ്‌ല്‍ (3 പന്തില്‍ 1), അയാന്‍ ഖാന്‍ (5 പന്തില്‍ 1), മെഹ്‌റാന്‍ ഖാന്‍ (2 പന്തില്‍ 0), ഫയാസ് ബട്ട് (7 പന്തില്‍ 2), കലീമുള്ള (5 പന്തില്‍ 5), ബിലാല്‍ ഖാന്‍ (1 പന്തില്‍ 0*) എന്നിങ്ങനെയായിരുന്നു ഒമാന്‍ താരങ്ങളുടെ സ്കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here