ആ ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയോ? വിവാദം | Video

0
210

ബാര്‍ബഡോസ്: കന്നി ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റണ്‍സ് ജയം. അവസാന ഓവര്‍വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. ആറു പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോഴായിരുന്നു സൂര്യയുടെ നിര്‍ണായക ക്യാച്ച്.

എന്നാലിപ്പോഴിതാ ഈ ക്യാച്ചിനെ ചൊല്ലി വിവാദം ഉടലെടുത്തിരിക്കുകയാണ്. ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടുന്നുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് അവര്‍ അത് സിക്‌സായിരുന്നുവെന്ന് വാദിക്കുന്നത്.

മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുള്‍ടോസ് പന്ത് മില്ലര്‍ അടിച്ച പന്ത് സിക്‌സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.

ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയിട്ടുണ്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരോപിക്കുന്നു. മാത്രമല്ല ലോങ് ഓണിലെ ബൗണ്ടറി റോപ് നീങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. ടിവി അമ്പയര്‍ കൂടുതല്‍ സമയമെടുത്ത് കൂടുതല്‍ ആംഗിളുകള്‍ പരിശോധിച്ച് തീരുമാനമെടുക്കണമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ടിവി അമ്പയര്‍ എന്തുകൊണ്ട് കൂടുതല്‍ ആംഗിളുകള്‍ പരിശോധിച്ചില്ലെന്നും ഒരു വിഭാഗം ചോദിക്കുന്നു.

മത്സരഫലം തന്നെ മാറ്റി മറിക്കുമായിരുന്ന ക്യാച്ചില്‍ തീരുമാനമെടുക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധ ആവശ്യമായിരുന്നുവെന്നാണ് ഇവരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here