ബിജെപി ബഹുദൂരം പിന്നിൽ, കോണ്‍ഗ്രസിന്റെ ‘സൈബര്‍’ കുതിപ്പ്; രാഹുലിന്റെ പ്രസംഗത്തിന് മോദിയുടേതിനേക്കാൾ കാഴ്ചക്കാർ

0
161

ഈ തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസിന്റെ ‘സൈബര്‍’ കുതിപ്പ്. കാഴ്ചക്കാരുടെ എണ്ണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മോദിയുടെ പ്രസംഗങ്ങളെയും പിന്നിലാക്കി കുതിക്കുന്നകാഴ്ചയാണ് കണ്ടത്.

സമൂഹമാധ്യമങ്ങളെ തങ്ങള്‍ക്ക് ഗുണമാകുന്ന രീതിയില്‍ കൃത്യമായി ഉപയോഗിക്കുന്ന കാര്യത്തില്‍ ബിജെപിയുടെ മിടുക്ക് 2014ലും 2019ലും രാജ്യം കണ്ടതാണ്. കോണ്‍ഗ്രസ് പഴഞ്ചന്‍ രീതികള്‍ തുടര്‍ന്നപ്പോള്‍ സൈബര്‍ പ്രചാരണത്തില്‍ ബിജെപി വെന്നിക്കൊടി പാറിച്ചു. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം വളരുന്ന കാഴ്ചയാണ് കണ്ടത്. മാര്‍ച്ച് 16 മുതല്‍ മെയ് 30 വരെയുള്ള കണക്കുകള്‍ ഇതിന് സാക്ഷ്യം പറയും.ഈ കാലയളവില്‍ യൂട്യൂബില്‍ കോണ്‍ഗ്രസിന്റെ വീഡിയോകള്‍ നേടിയത് 61. 3 കോടി കാഴ്ചക്കാരെയാണ്. ബിജെപിക്ക് നേടാനായത് 15 കോടി കാഴ്ചക്കാരെ മാത്രം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ മോദിയുടെ പ്രസംഗങ്ങളെക്കാള്‍ കാഴ്ചക്കാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

എക്സില്‍ ബിജെപിയെ 3.9 ലക്ഷം പേര്‍ പുതിയതായി പിന്തുടര്‍ന്നപ്പോള്‍ 3.1 ലക്ഷം പേര്‍ കോണ്‍ഗ്രസ് പേജിലേക്കെത്തി. എന്നാല്‍ പുതിയ യൂട്യൂബ് സബ്സ്കൈബേഴ്സിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മിപാര്‍ട്ടിയാണ് ഒന്നാമത്. കോണ്‍ഗ്രസ് രണ്ടാമതും ബിജെപി മൂന്നാമതുമായി. രാഹുല്‍ ഗാന്ധിയെ 26 ലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ തെരഞ്ഞെടുപ്പിന് ശേഷം പുതിയതായി പിന്തുടര്‍ന്നപ്പോള്‍ മോദിയെ തേടി 20 ലക്ഷം പേരെത്തി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നവരുടെ ആകെ എണ്ണം 8.9 കോടിയാണ്. രാഹുലിനെ ആകെ പിന്തുടരുന്നത് 86 ലക്ഷം പേരും. സമൂഹമാധ്യമങ്ങളെ കൂടുതലായി കോണ്‍ഗ്രസ് ഉപയോഗിച്ച് തുടങ്ങിയെന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ സോഷ്യലിടത്ത് കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here