വോട്ടെണ്ണലിന് മുന്നേ ഒരു സീറ്റിൽ വിജയിച്ച് ബിജെപി, കാരണമിതാണ്

0
285

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങാനിരിക്കെ മോദി മൂന്നാമൂഴം നേടുമോ ഇൻഡ്യ സഖ്യം സർപ്രൈസ് വിജയം നേടുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. എന്നാൽ, വോട്ടെണ്ണുന്നതിന് മുന്നേ വിജയം നേടിയ ഒരു മണ്ഡലമുണ്ട് ബിജെപിക്ക്. വിജയപട്ടികയിൽ ബിജെപി ആദ്യം ചേർത്തുവച്ചിരിക്കുന്ന ആ മണ്ഡലം സൂറത്ത് ആണ്!

കോൺ​ഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാണിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയതോടെയാണ് സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ ജയമുറപ്പിച്ചത്. പത്രിക സമർപ്പിച്ച മറ്റ് സ്ഥാനാർത്ഥികൾ അവ പിൻവലിക്കുകയും ചെയ്തിരുന്നു.

പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്നാണ് നിലേഷ് കുംഭാണി പറയുന്നത്. പത്രിക തള്ളിപ്പോയതിനെത്തുടർന്ന് സൂറത്തിൽ നിന്ന് അപ്രത്യക്ഷനായ കുംഭാണി 20 ദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചെത്തിയത്. പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് കുംഭാണിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത്. എന്നാൽ, ഇക്കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹം ലാദിച്ചത്. കോണ്‍ഗ്രസ് അദ്ദേഹത്തെ ആറുവര്‍ഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുമുണ്ട്.

അതേസമയം കല്പേഷ് ബറോത്, സഹീർ ഷെയിഖ്, അശോക് പിംപ്ലി എന്നിവർ ചേർന്ന് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിനെതിരെ ​ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതും ബിജെപി സ്ഥാനാർത്ഥി വിജയിച്ചതും നിയമവിരുദ്ധമെന്നാണ് ഇവർ ഹർജിയിൽ പറയുന്നത്.

ബിജെപിയെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ടേമായി ഫിക്സഡ് ഡിപ്പോസിറ്റാണ് നരേന്ദ്രമോദിയുടെ ഗുജറാത്ത്. എന്നാൽ, കഴിഞ്ഞ 10 വർഷങ്ങളിൽ ഉണ്ടായിരുന്ന രാഷ്ട്രീയ സമവാക്യങ്ങളല്ല ഗുജറാത്തിൽ ഇക്കുറിയുണ്ടായത്. ആം ആദ്മി പാർട്ടിയുടെ ഗുജറാത്തിലേക്കുള്ള രംഗപ്രവേശം രാഷ്ട്രീയാന്തരീക്ഷത്തെ കുറച്ചുകൂടി ചടുലമാക്കിയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി ആം ആദ്മിക്ക് മാറാൻ സാധിച്ചിരുന്നു. ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ധാരണ പ്രകാരം ഈ പൊതു തെരഞ്ഞെടുപ്പിൽ ബറൂച്ച്, ഭവനഗർ തുടങ്ങിയ 2 മണ്ഡലങ്ങൾ കോൺഗ്രസ് ആം ആദ്മിക്ക് വിട്ടുകൊടുത്തിരുന്നു.

2019ല്‍ കോണ്‍ഗ്രസും ബിജെപിയും മുഖാമുഖം മത്സരിച്ച ഗുജറാത്തില്‍ മത്സരിച്ച 26 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. 63.11 വോട്ട് ഷെയറും ബിജെപിക്ക് നേടാന്‍ സാധിച്ചിരുന്നു. സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് 32.55 ശതമാനം വോട്ട് ഷെയറാണ് ലഭിച്ചത്. 2014ലും 26ൽ 26 സീറ്റുകളും ബിജെപി ഗുജറാത്തിൽ നേടിയിരുന്നു. 60.11 ശതമാനം വോട്ടുകൾ നേടിയായിരുന്നു ബിജെപിയുടെ അന്നത്തെ വിജയം. രണ്ടാമത് വന്ന കോൺഗ്രസിന് ലഭിച്ചത് 33.5% വോട്ടുകളാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here