ഹൈദരാബാദ്: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത പണിനല്‍കി തെലങ്കാന പോലീസ്. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കപ്പെട്ട ഇതിന്റെ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
രണ്ടുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്‍സീറ്റിലിരിക്കുന്നയാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹെല്‍മറ്റ് കണ്ണാടിയില്‍ തൂക്കിയിട്ടാണ് ഇവര്‍ ബൈക്ക് ഓടിക്കുന്നത്.
എന്നാല്‍, അല്‍പ്പം ദൂരെയായി പരിശോധന നടത്തുന്ന പോലീസ് വാഹനം കണ്ടതോടെ ഇവര്‍ വണ്ടിനിര്‍ത്തി ഹെല്‍മെറ്റ് ധരിച്ച് ‘നല്ല കുട്ടികളാ’യി. തുടര്‍ന്ന് വീണ്ടും വണ്ടി മുന്നോട്ടെടുത്തു. എന്നാല്‍, ബൈക്ക് പോലീസ് വാഹനത്തിന് അടുത്തെത്തിയപ്പോഴാണ് തങ്ങള്‍ക്ക് കിട്ടിയ മുട്ടന്‍ പണിയെ കുറിച്ച് ഇവര്‍ അറിയുന്നത്.
ജങ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപം നിര്‍ത്തിയിരുന്ന പോലീസ് വാഹനവും പോലീസുകാരനും വെറും കട്ടൗട്ടുകളായിരുന്നു. ‘പോലീസ് വാഹനത്തിന്റെ’ വശത്തെത്തിയപ്പോഴാണ് ബൈക്ക് യാത്രക്കാര്‍ക്ക് അത് കട്ടൗട്ടാണെന്ന് മനസിലായത്. തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെങ്കിലും ഉര്‍വശീ ശാപമെന്നതുപോലെ തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി തന്നെയായതിനാല്‍ ഇത്തരം അബദ്ധങ്ങള്‍ നല്ലതെന്ന് കരുതുകയാണ് ബൈക്ക് യാത്രക്കാര്‍.
തെലങ്കാനയിലെ കരിംനഗര്‍ പോലീസാണ് വിചിത്രമായ ഈ ആശയത്തിന് പിന്നിലെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. കരിംനഗര്‍-വെമുലവാദ ദേശീയപാതയിലാണ് പോലീസ് ഈ കട്ടൗട്ട് സ്ഥാപിച്ചത്.
What if we use 100% of our brain?
Telangana Police 🫡 : pic.twitter.com/YsxnKLGW2X
— Abhishek (@AbhishekSay) June 26, 2024