ആവേശപ്പോരില്‍ അഫ്ഗാന്‍! ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയില്‍; ഓസീസ് പുറത്ത്

0
114

സെന്റ് വിന്‍സന്റ്: സെമി സാധ്യതകള്‍ മാറിമറിഞ്ഞ സൂപ്പര്‍ എട്ട് പോരാട്ടത്തിനൊടുക്കം അഫ്ഗാനിസ്താന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാന്‍ സെമിയിലെത്തിയത്. 8 റണ്‍സിനാണ് അഫ്ഗാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.116-റണ്‍സെന്ന ലക്ഷ്യം 12.1 ഓവറില്‍ മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാല്‍, അത് സാധിച്ചില്ലെന്ന് മാത്രമല്ല ടീം പരാജയപ്പെടുകയും ചെയ്തു. മഴമൂലം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്. ഗ്രൂപ്പില്‍നിന്ന് ഇന്ത്യ നേരത്തേ സെമിയിലെത്തിയിരുന്നു.

സെമി ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അടിച്ചുതകര്‍ക്കാനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്. ആദ്യ ഓവറില്‍ തന്നെ 13-റണ്‍സ് കണ്ടെത്തി. എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. തന്‍സിദ് ഹസ്സന്‍(0), നജ്മുള്‍ ഹൊസ്സൈന്‍ ഷാന്റോ(5), ഷാക്കിബ് അല്‍ഡ ഹസ്സന്‍(0) എന്നിവരെ പുറത്താക്കിയാണ് അഫ്ഗാനിസ്താന്‍ തിരിച്ചടിച്ചത്. ബംഗ്ലാദേശ് 23-3 എന്ന നിലയിലേക്ക് വീണു. തന്‍സിദ് ഹസ്‌നെ ഫസല്‍ഹഖ് ഫറൂഖി വീഴ്ത്തിയപ്പോള്‍ ഷാന്റോയേയും ഷാക്കിബിനേയും നവീന്‍ ഉള്‍ ഹഖ് മടങ്ങി. ടീം സ്‌കോര്‍ 31-ല്‍ നില്‍ക്കേ മഴ കളി തടസ്സപ്പെടുത്തി.

മഴ മാറി മത്സരം പുനരാരംഭിച്ചതോടെ ഇരുടീമുകളും പോരാട്ടം ശക്തമാക്കി. സൗമ്യ സാര്‍ക്കറേയും(10) തൗഹിദ് ഹൃദോയിയേയും(14) മടക്കി റാഷിദ് ഖാന്‍ അഫ്ഗാന് ജയപ്രതീക്ഷ സമ്മാനിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 64-റണ്‍സെന്ന നിലയിലായി ബംഗ്ലാദേശ്. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച ലിട്ടണ്‍ ദാസ് ബംഗ്ലാദേശ് സ്‌കോറുയര്‍ത്തി. പത്തോവര്‍ അവസാനിക്കുമ്പോള്‍ ടീം 77-റണ്‍സെടുത്തു.
മഹ്‌മദുള്ളയേയും റിഷാദ് ഹൊസ്സൈനേയും പുറത്താക്കി റാഷിദ് അഫ്ഗാനെ ജയത്തിനരികിലെത്തിച്ചു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതോടെ ലക്ഷ്യം 19-ഓവറില്‍ 114-ആയി മാറി. പിന്നാലെ ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ അവസാനിച്ചു. എന്നാല്‍ മത്സരം ജയിച്ചാല്‍ അഫ്ഗാന് സെമിയിലേക്ക് മുന്നേറാമായിരുന്നു. വീക്കറ്റുകള്‍ വീണ്ടും നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശ് 105-9 എന്ന നിലയിലായി. പിന്നാലെ വിക്കറ്റ് വീഴ്ത്തി അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറി.

നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here