ധോണിക്കു പോലും സ്വന്തമാക്കാനാവാതെ പോയ നേട്ടം, യുവരാജിനുശേഷം ആ റെക്കോര്‍ഡും സ്വന്തമാക്കി കോലി

0
158

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയതോടെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോലി. ടി20 ലോകകപ്പ് കിരീടം നേടിയതോടെ കരിയറില്‍ നാല് ഐസിസി കിരീടങ്ങളാണ് കോലി സ്വന്തമാക്കിയത്. ഏകദിന ലോകകപ്പും, ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ കോലിയുടെ പേരില്‍ അണ്ടര്‍ 19 ലോകകപ്പുമുണ്ട്.

കരിയറില്‍ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും അടക്കം മൂന്ന് പ്രധാന ഐസിസി കിരീടങ്ങളും നേടിയിട്ടുള്ള ധോണിക്ക് പക്ഷെ അണ്ടര്‍ 19 ലോകകപ്പ് കിരീടമില്ല. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ് വിരാട് കോലി. 2008ലാണ് കോലി അണ്ടര്‍ 19 ലോകകപ്പ് ജയിച്ചത്. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ജയിച്ച ടീമില്‍ കോലിയുണ്ടായിരുന്നു. ഇപ്പോള്‍ ടി20 ലോകകപ്പും സ്വന്തമാക്കി.

 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാത്രമാണ് കോലിക്ക് ഇനി കരിയറില്‍ ബാക്കിയുള്ളത്. കോലി കരിയറില്‍ രണ്ട് തവണ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ കളിച്ചെങ്കിലും ആദ്യം ന്യൂസിലന്‍ഡിനോടും രണ്ടാമത് ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റിരുന്നു.

2000ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്ന യുവരാജ് സിംഗ്, 2002ല്‍ ശ്രീലങ്കക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫിില്‍ സംയുക്ത ജേതാക്കളായ ഇന്ത്യൻ ടീമിലും അംഗമായി. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും യുവി ഇന്ത്യയുടെ നിര്‍ണായക താരമായിരുന്നു.ഇന്നലെ വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യയുടെ രണ്ടാമത്തെ ടി20 ലോകകപ്പ് കിരീട നേട്ടമാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here