വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നിൽ കുട്ടി; പോലീസിനോട് വിചിത്രമായ കാരണം വെളിപ്പെടുത്തി 13-കാരൻ

0
158

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച ലഭിച്ച ബോംബ് ഭീഷണിക്ക് പിന്നില്‍ 13-കാരന്‍. എയര്‍ കാനഡ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂണ്‍ നാലിന് ലഭിച്ചത്. വിമാനം പറന്നുയരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. എന്നാല്‍ പരിശോധനയില്‍ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് തെളിഞ്ഞു.

വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ വിപുലമായ അന്വേഷണമാണ് ഡല്‍ഹി പോലീസ് നടത്തിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ‘പ്രതി’യെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. മീററ്റ് സ്വദേശിയാണ് കുട്ടി. വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ 13-കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബോംബ് ഭീഷണി സന്ദേശമയച്ചത് താനാണെന്ന് സമ്മതിച്ച 13-കാരന്‍ അതിന്റെ കാരണവും പോലീസിനോട് തുറന്നുപറഞ്ഞു. പുതിയതായി നിര്‍മിച്ച ഇ-മെയില്‍ ഐ.ഡിയില്‍ നിന്നാണ് കുട്ടി സന്ദേശം അയച്ചത്. അധികൃതര്‍ക്ക് സന്ദേശത്തിന്റെ ഉറവിടം തേടി തന്നെ കണ്ടുപിടിക്കാന്‍ കഴിയുമോ എന്ന് അറിയാനാണ് വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം അയച്ചത് എന്നാണ് കുട്ടി പറഞ്ഞത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ കുട്ടിയെ രക്ഷിതാക്കളുടെ കസ്റ്റഡിയിലേക്ക് വിട്ടു.

വ്യാജ ബോംബ് ഭീഷണി നേരിട്ട എയര്‍ കാനഡ വിമാനത്തില്‍ 301 യാത്രക്കാരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇ-മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ വിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരേയും ജീവനക്കാരേയും ഒഴിപ്പിച്ചു. തുടര്‍ന്ന് ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയശേഷമാണ് വിമാനത്തില്‍ സുരക്ഷാ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിമാനം റദ്ദാക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here