12 ബിആര്‍എസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്‌?; ചരടുവലിക്കുന്നത് രേവന്തിന്റെ വിശ്വസ്തന്‍

0
248

ഹൈദരാബാദ്: തെലങ്കാനയില്‍ രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റിന് മുമ്പ് 12 ബി.ആര്‍.എസ്. എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലായ് രണ്ടാംവാരം നടക്കാനിരിക്കുന്ന ബജറ്റിന് മുമ്പ് എം.എല്‍.എമാരെ എത്തിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ബി.ആര്‍.എസ്. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയക്കുന്ന ഒരു മുന്‍മന്ത്രിയുടെ നേതൃത്വത്തിലുള്ള ഏതാനും ബി.ആര്‍.എസ്. എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് വിവരമുണ്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ ഓപ്പറേഷന്‍ ആകര്‍ഷ് സജീവമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രേവന്ത് റെഡ്ഡിയുമായി അടുത്ത ബന്ധമുള്ള ഒരു നേതാവാണ് ബി.ആര്‍.എസ്. എം.എല്‍.എമാരെ ചാടിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കരിംനഗര്‍, നിസാമാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞു.

ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ കരിംനഗറില്‍നിന്നുള്ള എം.എല്‍.എയ്ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യവും പരിഗണിച്ചേക്കും. നിസാമാബാദില്‍നിന്നുള്ള എം.എല്‍.എ. മകനുവേണ്ടിയാണ് സ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. നാഗര്‍കര്‍ണൂല്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍വരുന്ന രണ്ട് മണ്ഡലങ്ങളിലെ എം.എല്‍.എമാരും അവരെ നയിക്കുന്ന ഒരുമുതിര്‍ന്ന നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.

മേധക്കില്‍നിന്ന് മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുന്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിലും പുരോഗമിക്കുന്നുണ്ട്. ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍നിന്നുള്ള അഞ്ചോളം എം.എല്‍.എമാരും കോണ്‍ഗ്രസുമായി ആശയവിനിമയം നടത്തുന്നുണ്ട്.

കൂടുതല്‍ എം.എല്‍.എമാരെ എത്തിക്കാന്‍ ശേഷിയുള്ള ഒന്നോ രണ്ടോ മുതിര്‍ന്ന നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കും. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഇതിനോടുള്ള പ്രതികരണം നിര്‍ണായകമാവും.

അതേസമയം, എം.എല്‍.എമാരും എം.എല്‍.സിമാരുമടക്കം നേതാക്കള്‍ കൊഴിഞ്ഞുപോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ അനുനയശ്രമവും തുടങ്ങി. എം.എല്‍.എമാരെ വീട്ടിലെത്തി കണ്ടാണ് ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതുവരെ നാല് എം.എല്‍.എമാരുമായി സംസാരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ്. അധികാരത്തില്‍ വരുമെന്ന ഉറപ്പാണ് കെ.സി.ആര്‍. ഇവര്‍ക്ക് നല്‍കിയത്. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങള്‍ക്ക് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി. സാമ്പത്തിക പരാധീനതകള്‍ ഉണ്ടെന്നും പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുന്നില്ലെന്നും പ്രതികരിച്ച ഒരുമുന്‍ മന്ത്രി, കോണ്‍ഗ്രസില്‍ ചേരുമെന്നും അറിയിച്ചു.

119 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ നവംബറിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് 64 സീറ്റുകളിലും ബി.ആര്‍.എസ്. 39 സീറ്റുകളിലും ബി.ജെ.പി. എട്ടിടത്തും വിജയിച്ചിരുന്നു. ബി.ആര്‍.എസ്. പ്രതിനിധി റോഡ് അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here