ഓം ബിർള വീണ്ടും സ്പീക്കറാകും, പേര് നിർദ്ദേശിച്ച് ബിജെപി; സമവായം തേടി പ്രതിപക്ഷത്തെ കണ്ട് കേന്ദ്രമന്ത്രിമാർ

0
221

ദില്ലി : സ്പീക്കർ സ്ഥാനത്തേക്ക് വീണ്ടും ഓം ബിർള. ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് ബിജെപി നിർദ്ദേശിച്ചു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള പതിനേഴാം ലോക്സഭയിലും സ്പീക്കറായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. രണ്ടാം തവണ ഒരാൾ സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്.

ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുകയാണ്. ഓം ബിർളയെ പിന്തുണക്കുന്നതിലുളള എതിർപ്പ് കോൺഗ്രസ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികൾക്ക് മുന്നിൽ വെച്ചു.

ഈ സാഹചര്യത്തിൽ സമവായത്തിനാണ് ബിജെപി ശ്രമിക്കുന്നത്.സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ് ചർച്ച നടത്തി. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് മത്സരം ഒഴിവാക്കാനുളള സമവായം തേടിയാണ് പ്രതിപക്ഷ നേതാക്കളെ രാജ്നാഥ് സിം​ഗ് സന്ദർശിച്ചത്. ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്നാഥ് സിംഗ് ബന്ധപ്പെട്ടു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ഇതേ ആവശ്യവുമായി പ്രതിപക്ഷ നേതാക്കളെ കണ്ടു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ വിട്ടുവീഴ്ചയുണ്ടാകുമെന്ന് ബിജെപി അറിയിച്ചതായാണ് വിവരം. സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കണമെന്നാണ് ഇന്ത്യ സഖ്യത്തിലും അഭിപ്രായമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here