മുംബൈ: ഐസ്‌ക്രീമിൽ കണ്ടെത്തിയ മനുഷ്യ വിരൽ പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്ക്രീം കമ്പനി ഫാക്ടറി തെഴിലാളിയുടേതാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം. ഇരുപത്തിനാലുകാരനായ ഓംകാർ പേട്ടയുടേതാണ് വിരലുകൾ എന്ന് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപോർട്ടുകൾ മലാഡ് പൊലീസിന് ലഭിച്ചു. സംഭവത്തിൽ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിരലുകൾ കണ്ടെത്തിയതിനെതുടർന്ന് ഫാക്ടറിയിലേക്ക് പഴ വർഗ്ഗങ്ങൾ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. തിങ്കളാഴ്ച പരിശോധനാ ഫലം വരുകയും തൊഴിലാളികൾക്ക് രോഗങ്ങളിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ജൂൺ 12നായിരുന്നു ഐസ്‌ക്രീമിൽ മനുഷ്യ വിരലുകൾ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ ഐ.പി.സി സെഷൻ 272, 273, 336 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിരലുകൾ ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളിയുടേതാണെന്ന് കണ്ടെത്തിയത്.