അശാസ്ത്രീയ നിർമാണം: ദേശീയപാത കുരുതിക്കളമാകുന്നു: ജനങ്ങളുടെ ജീവനിൽ പന്താടുന്നത് നോക്കി നിൽക്കാനാകില്ല – മുസ്‌ലിം ലീഗ്

0
136

ഉപ്പള: തലപ്പാടി- ചെങ്കള ദേശീയ പാത കുരുതിക്കളമായി മാറുന്നതിൻ്റെ ആശങ്കയിലാണ് ജനങ്ങൾ. നിർമാണ കമ്പനി ആധികൃതരുടെ കുറ്റകരമായ അനാസ്ഥകാരണം ദേശീയപാത അപകടത്തുരുത്താകുന്നത് നോക്കി നിൽകാനാകില്ലെന്നും ഇതേ രീതിയിൽ അശാസ്ത്രീയ നിർമാണം തുടരാനാണ് അധികൃതരുടെ നീക്കമെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ, ജനറൽ സെക്രട്ടറി എ.കെ ആരിഫ് എന്നിവർ മുന്നറിയിപ്പ് നൽകി.

ദേശീയപാത അതോറിറ്റിയുടെയും, കരാർ കമ്പനി അധികൃതരുടെയും തലതിരിഞ്ഞ നിർമാണ രീതിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുഞ്ചത്തൂരിനും കുമ്പളക്കും ഇടയിലുണ്ടായ അപകടങ്ങളിൽ
നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ദേശീയപാത നിർമാണ കമ്പനി അധികൃതരുടെ ടിപ്പർ ലോറികൾ തന്നെ നിരവധി അപകടങ്ങൾ വരുത്തിയിട്ടുണ്ട്.

നിർമാണ പ്രവൃത്തിയിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതെന്ന ആക്ഷേപം പ്രവൃത്തിയുടെആരംഭ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. നിർമാണം നടക്കുന്ന ഭാഗത്ത് ഗതാഗതം വഴി തിരിച്ചു വിടാൻ അശാസ്ത്രീയമായ രീതിയിൽ താൽകാലിക ഡിവൈഡറുകൾ സ്ഥാപിച്ചതാണ് പലയിടത്തും അപകടങ്ങൾക്കിടയാക്കുന്നത്.

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയാണ് അപകട സാധ്യത നിറഞ്ഞ ഭാഗങ്ങളിൽ പോലും ഗതാഗതം തിരിച്ചുവിടാൻ ഡിവൈഡറുകൾ അടുക്കി വെച്ചിട്ടുള്ളത്. ദേശീയ പാതയിലെ
സർവീസ് റോഡിൻ്റെ വശത്ത് കൂടിയുള്ള കാൽനട യാത്ര പോലും ഭീതി നിറഞ്ഞതാണ്.

സർവീസ് റോഡിനോട് ചേർന്നുള്ള ഓവുചാലിൻ്റെ സ്ലാബിനു മുകളിൽ വാഹനങ്ങൾ കയറ്റിപോകുന്നതിനാൽ കാൽനട യാത്രക്കാർ ഏറെ ഭീതിയോടെയാണ് കടന്നു പോകുന്നത്.

റോഡിൽ നിന്നും മാറി ബസ് കാത്ത് നിൽക്കാൻ പോലും സൗകര്യമില്ലാത്ത രീതിയിലാണ് സർവീസ് റോഡ് നിർമാണം.
ജനങ്ങളുടെ ജീവന് വില കൽപ്പിക്കാതെ സ്വന്തം താൽപ്പര്യം മാത്രം നോക്കി നിർമാണവുമായി മുന്നോട്ട് പോകുന്ന കരാർ കമ്പനി അധികൃതരുടെ നടപടിക്കെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പറഞ്ഞ കമ്പനിയുടെ കരാർ കലാവധി അവസാനിച്ച് മാസങ്ങൾ പിന്നിട്ടു. ഇപ്പോഴും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.

കൃത്യമായ ആശയങ്ങളില്ലാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിവിധയിടങ്ങളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. ഇത് ആശുപത്രി, എയർ പോർട്ട് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു.

കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ദേശീയപാതയിലുണ്ടായ അപകടത്തിൽ അഞ്ചോളം യുവാക്കളുടെ ജീവൻ നഷ്ടപെട്ടതാണ് ഒടുവിലത്തെ സംഭവം. നിരവധി ആളുകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.

മഴ ശക്തമായതോടെ നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ സുരക്ഷിതമായ വാഹന ഗതാഗതത്തിന് സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കരാർ കമ്പനി ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുസ്‌ലിം ലീഗ് മുന്നോട്ട് പോകുമെന്നും അസീസ് മരിക്കെയും, എകെ ആരിഫും മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here