അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് കാർമികത്വം വഹിച്ച പുരോഹിതൻ അന്തരിച്ചു

0
111

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അനാരോ​ഗ്യത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. മണികർണിക ഘട്ടിൽ അന്ത്യകർമങ്ങൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനുവരി 22 ന് നടന്ന അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ ഇദ്ദേഹമായിരുന്നു മുഖ്യ പങ്ക് വഹിച്ചത്.

വാരാണാസിയിലെ മുതിർന്ന പണ്ഡിതന്മാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട ദീക്ഷിത്, മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയാണ്. വർഷങ്ങളായി വാരാണാസിയിലാണ് താമസം. ദീക്ഷിതിൻ്റെ വിയോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിൻ്റെ വേർപാട് ആത്മീയ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ആദിത്യനാഥ് കുറിച്ചു.

സംസ്‌കൃത ഭാഷയ്ക്കും ഇന്ത്യൻ സംസ്‌കാരത്തിനും നൽകിയ സേവനത്തിന് അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹത്തിൻ്റെ ശിഷ്യന്മാർക്കും അനുയായികൾക്കും ദുഃഖം താങ്ങാനുള്ള ശക്തി നൽകാൻ ശ്രീരാമനോട് പ്രാർഥിക്കുന്നുവെന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here