രാജ്യസഭ: ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ;അഡ്വ. ഹാരിസ് ബീരാന് മുൻഗണന

0
168

മലപ്പുറം: മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. രാവിലെ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.

നിയമസഭ നടക്കുന്നതിനാൽ പല നേതാക്കളും തിരുവനന്തപുരത്തായതിനാലാണ് യോഗം അവിടെ നടക്കുന്നത്. വിദേശസന്ദർശനം കഴിഞ്ഞ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമായ അഡ്വ. ഹാരിസ് ബീരാനാണ് മുൻഗണന. ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽസെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു, സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ് എന്നിവരും സജീവ പരിഗണനയിലുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലീഗ് മൂന്നാമത് ഒരു സീറ്റുകൂടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ യു.ഡി.എഫിന് ജയസാധ്യതയുള്ള സീറ്റ് നൽകാമെന്ന് കോൺഗ്രസ് അറിയിച്ചത്. ഇതിൽ ജയിക്കുന്നതോടെ പി.വി. അബ്ദുൽവഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്‌സഭയിലെ മൂന്നുപേരടക്കം ലീഗ് എം.പി.മാരുടെ എണ്ണം അഞ്ചാകും.

LEAVE A REPLY

Please enter your comment!
Please enter your name here