ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

0
339

കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്‍റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ മനസാക്ഷിയെ മരവിപ്പിക്കുംവിധത്തിലുള്ള വിശദാംശങ്ങളാണ് ഈ മണിക്കൂറുകളില്‍ പുറത്തുവരുന്നത്. കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍ പൊതിഞ്ഞെന്ന് പൊലീസ്. ഈ കവറിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും സൂചന.

കുഞ്ഞിനെ സമീപത്തുള്ള ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സിസിടിവി ദൃശ്യം ലഭ്യമായതാണ്. എന്നാല്‍ ആരാണ് ഇത് ചെയ്തത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഫ്ലാറ്റില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. ഫ്ളാറ്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവിടെ പല ഫ്ളാറ്റുകളിലും താമസക്കാരില്ല. ഇങ്ങനെ പൂട്ടിക്കിടക്കുന്ന ഫ്ളാറ്റുകളും പരിശോധിക്കും.

സംഭവം പ്രത്യേകഅന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. വൈകാതെ തന്നെ കേസില്‍ ഉത്തരമാകുമെന്നാണ് ഡിസിപി അറിയിക്കുന്നത്. ഒരു ഫ്ളാറ്റിലെ മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ നിന്നെന്തെങ്കിലും വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഫ്ളാറ്റിലുള്ളത്.

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യം ലഭിക്കുന്നത്. പൊക്കിള്‍ക്കൊടി മുറിച്ച നിലയിലാരുന്നു മൃതദേഹം. കുഞ്ഞിനെ മരിച്ച ശേഷം എറിഞ്ഞതാണോ, അതോ എറിഞ്ഞുകൊന്നതാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് പ്രദേശത്താകെ ജനം തടിച്ചുകൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here