ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലി വഴക്ക്‌, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

0
202

ലഖ്‌നൗ: ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവ് ഒരുദിവസം ‘കുര്‍ക്കുറേ’ വാങ്ങികൊണ്ടുവരാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരുവര്‍ഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. ആദ്യനാളുകളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാദിവസവും പ്രശസ്ത സ്‌നാക്ക്‌സ് ആയ ‘കുര്‍ക്കുറേ’ വേണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ദിവസവും അഞ്ച് രൂപയുടെ ‘കുര്‍ക്കുറേ’ പാക്കറ്റ് കൊണ്ടുവരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, ഭാര്യ ദിവസവും ഇത്തരത്തിലുള്ള സ്‌നാക്ക്‌സ് കഴിക്കുന്നതില്‍ ഭര്‍ത്താവിനും ആധിയുണ്ടായിരുന്നു. ഒരുദിവസം ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങാതെ വീട്ടിലെത്തി. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കായി. പിന്നാലെ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് പോയെന്നും തുടര്‍ന്ന് പോലീസിനെ സമീപിച്ചെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, ഭര്‍ത്താവ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് യുവതിയും ആരോപിച്ചിട്ടുണ്ട്.

ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് യുവതിയെത്തിയത്. സംഭവങ്ങളെല്ലാം അറിഞ്ഞതോടെ പോലീസ് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് അയച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here