ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല. മറ്റ് ഡിവൈസുകള്‍ ഉപയോഗിച്ചോ ക്യാമറകള്‍ മുഖേനയോ ചിത്രം പകര്‍ത്താമെങ്കിലും, ആപ്പിനുള്ളിലെ സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ ബ്ലോക്ക് ചെയ്യുന്നത് ദുരുപയോഗം തടയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഫീച്ചര്‍ ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആന്‍ഡ്രോയിഡ് പരിപ്പില്‍ ചാറ്റ് ടാബില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവയുടെ ലിസ്റ്റ് വേഗത്തില്‍ ലഭിക്കുന്നതിന് ഒരു പ്രത്യേക ‘ഫില്‍ട്ടര്‍’ വാഗ്ദാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഈ ചാറ്റ് ഫില്‍ട്ടര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട കോണ്‍ടാക്റ്റുകളുടെയും ഗ്രൂപ്പുകളുടെയും സംഭാഷണങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.