ആറ് വരി പാതയിൽ മലയാളികൾ ചീറിപ്പായുമ്പോഴുള്ള കഷ്ടനഷ്ടങ്ങൾ കേരള ജനത അനുഭവിക്കാനിരിക്കുന്നതേയുള്ളു; പട്ടിണിയാകും

0
197

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 643. 29 കിലോമീറ്റർ നീളുന്ന ദേശീയപാത 66, കേരളത്തിന്റെ വികസന സാദ്ധ്യതകളെ മാറ്റിമറിയ്ക്കുമെങ്കിലും പാത പൂ‌ർത്തിയാകുമ്പോൾ ആയിരക്കണക്കിന് കച്ചവടക്കാരും വാണിജ്യസ്ഥാപനങ്ങളുമാണ് പ്രതിസന്ധിയിലാകുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങളെയാകും അത് പ്രതികൂലമായി ബാധിക്കുക. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന റോഡ്‌ വികസനത്തിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിലാകും വ്യാപാര, വാണിജ്യ മേഖലകളെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുക. നഷ്ടപരിഹാരം ലഭിച്ചെങ്കിലും റോഡ്‌വികസനം പുരോഗമിക്കുന്നതിനിടെ തന്നെ നിരവധി കച്ചവട സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ദേശീയപാതയ്ക്കിരുവശവും കേന്ദ്രീകരിച്ചാണ് ഏറ്റവുമധികം വ്യാപാര സ്ഥാപനങ്ങളുള്ളത്.

45 മീറ്ററിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ആറുവരിപ്പാതയുടെ ഇരുവശത്തും വീതികുറഞ്ഞ സർവീസ് റോഡുകളാണ്. സ‌ർവീസ് റോഡിന്റെ വശങ്ങളിൽ മാത്രമായി കച്ചവട സ്ഥാപനങ്ങൾ ഒതുങ്ങും. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ നേരിട്ട് നഗരത്തിൽ പ്രവേശിക്കാത്തതിനാൽ നഗരങ്ങളിലെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരി സമൂഹം. അതേസമയം ടോൾബൂത്തിന് സമീപത്തായി പെട്രോൾ പമ്പുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, ലഘുഭക്ഷണ ശാലകൾ, റസ്റ്റാറന്റുകൾ വർക്ക് ഷോപ്പുകൾ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യതകളും തുറക്കുന്നുണ്ട്. ദേശീയപാത 66 ആറു വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്നതിൽ തർക്കമില്ല. കേന്ദ്ര സർക്കാരിനു കീഴിലുള്ള ദേശീയപാത അതോറിട്ടിയുടെ നേതൃത്വത്തിൽ 45 മീറ്റർ വീതിയിലാണ് ആറുവരിപ്പാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്.

സിഗ്നൽ ലൈറ്റില്ലാത്ത ആദ്യത്തെ റോഡ്

വികസിപ്പിക്കുന്ന 6 വരിപ്പാതയിൽ തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള പ്രധാനപാതയിൽ ഒരിടത്തും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഇല്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനാൽ പ്രധാന ജംഗ്ഷനുകളിലും ഇടറോഡുകൾ ദേശീയപാതയുമായി സംഗമിക്കുന്ന ഇടങ്ങളിലും എലിവേറ്റഡ് റോ‌ഡോ അടിപ്പാതയോ ഉണ്ടാകും. പ്രധാന പാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് ടോൾ ഗേറ്റുകളിലൊഴികെ മറ്റൊരു തടസ്സവും ഇല്ലാതെ പോകാനാകുമെന്നതാണ് ഇതിന്റെ നേട്ടം. പാത പൂർത്തീകരിച്ചാൽ ട്രാഫിക് സിഗ്നൽ ലൈറ്റുകളില്ലാത്ത സംസ്ഥാനത്തെ ഏക പാതയായി ദേശീയപാത 66 മാറും. സർവീസ് റോഡുകളിൽ നിന്നും ഇടറോഡുകളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് നിർദ്ദിഷ്ട സ്ഥലങ്ങളിലൂടെ മാത്രമേ പ്രധാനപാതയിലേക്ക് കയറാനും തിരിച്ചിറങ്ങാനും കഴിയുകയുള്ളു.ദീർഘദൂരയാത്രക്കാരെ സംബന്ധിച്ച് കുറഞ്ഞ സമയത്തിൽ മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയും. കച്ചവട സ്ഥാപനങ്ങൾക്ക് പ്രതികൂലമായി മാറുന്നതും ഇതാകും. പ്രധാന പാതയുടെ ഇരുവശത്തും 5 മീറ്റർ വീതിയിലാണ് സർവീസ് റോഡ്. 1.5 മീറ്റർ വീതിയിൽ ഓടയും 0.5 മീറ്റർ വീതിയിൽ യൂട്ടിലിറ്റി കോറിഡോറും ഉണ്ടാകും. ഓടയുടെ മുകളിൽ ടൈൽ പാകി നടപ്പാതയാക്കും. വൈദ്യുതി തൂണുകൾ, കുടിവെള്ള പൈപ്പ്ലൈൻ എന്നിവയ്ക്കുള്ളതാണ് യൂട്ടിലിറ്റി കോറിഡോർ. സർവീസ് റോഡ് വൺവേ ആയിരിക്കും. 5 മീറ്റർ മാത്രം വീതിയുള്ള സർവീസ് റോഡിന്റെ വശത്തു മാത്രമാകും കച്ചവട സ്ഥാപനങ്ങൾ. നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ റോഡ് വികസനത്തിനായി ഏറ്റെടുത്തതിന്റെ ശേഷിക്കുന്ന ഭാഗം രൂപമാറ്റം വരുത്തി കടമുറികളാക്കി മാറ്റിയവരാണ് ഏറെയും. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് കാലെടുത്തു വയ്ക്കുന്നത് സർവീസ് റോഡിലേക്കാണ്. ഇവിടെ സാധനം വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുമെന്നതായിരിക്കും നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ബസ്ബേ ഇല്ല, വീണ്ടും സ്ഥലം ഏറ്റെടുക്കും

ദേശീയപാത 6 വരിയാക്കി വികസിപ്പിക്കുമ്പോൾ പ്രധാനജംഗ്ഷനുകളെല്ലാം സർവീസ് റോഡിലാകും. ബസ് ബേ, ആട്ടോ, ടാക്സി സ്റ്റാന്റുകൾ എന്നിവയ്ക്ക് സ്ഥലം ഉണ്ടാകില്ല. പാതനിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ബസ്ബേ നിർമ്മിക്കുമെന്നാണ് ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നത്. എന്നാൽ ഇതിനാവശ്യമായ സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടി വരും. ഓരോ സ്ഥലത്തും യാത്രക്കാരുടെ തിരക്കിന് അനുസൃതമായാകും ബസ്ബേയുടെ നീളം നിശ്ചയിക്കുക. പ്രധാന ജംഗ്ഷനുകളിൽ ആട്ടോ, ടാക്സി സ്റ്റാന്റുകൾക്കും സ്ഥലം കണ്ടെത്തേണ്ടി വരും. റോഡ് വികസനം തുടങ്ങും മുൻപ് ദേശീയപാതയോരത്ത് നിരത്തിയിട്ടിരുന്ന ആട്ടോറിക്ഷകൾ ഇപ്പോൾ ജംഗ്ഷനുകളിലെ ഇടറോഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.ഇത് ഇടറോഡുകളിൽ തടസ്സത്തിനും ഗതാഗത കുരുക്കിനും കാരണമാകും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാന ജംഗ്ഷനുകളിലും നിലവിലെ രൂപരേഖ പ്രകാരം ‘ആർ. ഇ വാൾ അണ്ടർപാസാ’ണ് നിർമ്മിക്കുന്നത്. നിശ്ചിത ദൂരത്ത് നിന്ന് ആറുവരിപ്പാത മണ്ണിട്ടുയർത്തി വന്ന ശേഷം ജംഗ്ഷനിൽ അണ്ടർപാസിനടിയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതാണിത്. ആർ.ഇ വാൾ വരുമ്പോൾ അണ്ടർപാസ് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങും. ഇത് ജംഗ്ഷനുകളെ കൂറ്റൻ മതിൽകെട്ടി വേർതിരിക്കുന്നത് പോലെയാകും.

വികസനത്തിലെ മുൻകാഴ്ചയില്ലായ്മ

കേരളത്തിൽ ഇപ്പോൾ നടക്കുന്ന ദേശീയപാത 66ന്റെ വികസനം ഏറെ കൊട്ടിഘോഷിക്കപ്പെടുന്നുവെങ്കിലും മുൻകാഴ്ചയില്ലാതെ നടപ്പാക്കിയ പദ്ധതിയെന്ന നിലയിൽ അതിന്റെ കഷ്ടനഷ്ടങ്ങൾ കേരള ജനത അനുഭവിക്കാനിരിക്കുന്നതേയുള്ളു. രാജ്യത്തൊട്ടാകെ ദേശീയപാത വികസനം കുറഞ്ഞത് 60 മീറ്ററിലും അതിനു മുകളിലും ആണെങ്കിലും കേരളത്തിൽ മാത്രമാണ് ഭരണാധികാരികളുടെ വികസനത്തിലെ വികലമായ കാഴ്ചപ്പാട് മൂലം 45 മീറ്ററിലേക്ക് ചുരുങ്ങിപ്പോയത്. 2021ലെ കണക്ക് പ്രകാരം കേരളത്തിൽ ആയിരത്തിൽ 445 പേർക്ക് സ്വന്തമായി വാഹനമുണ്ട്. ദേശീയതലത്തെക്കാൾ ഉയർന്ന വാഹന സാന്ദ്രതയാണിത്. ഭാവിയിലുണ്ടാകുന്ന വാഹനപെരുപ്പവും, ജനസാന്ദ്രതയും കൂടി കണക്കിലെടുത്ത് 60 മീറ്ററിലെങ്കിലും റോഡ് വികസിപ്പിക്കേണ്ടതിനു പകരം ‘ഇത് കേരളമാണ്’ എന്ന പതിവ് പല്ലവി പറഞ്ഞ് കേന്ദ്രത്തിൽ നിന്ന് 45 മീറ്ററിലേക്ക് ഇളവ് നേടുകയായിരുന്നു.2010 ഏപ്രിൽ 20ന് നടന്ന സർവകക്ഷി യോഗത്തിൽ ദേശീയ പാതയുടെ വീതി 45 ൽ നിന്ന് 30 മീറ്ററായി കുറച്ച് നിശ്ചയിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചുവെന്നത് തന്നെ വികസനകാര്യത്തിലെ മുൻകാഴ്ചയില്ലായ്മയുടെ ഉത്തമോദാഹരണമാണ്. എന്നാലിത് കേന്ദ്രം നിരാകരിച്ചതിനെ തുടർന്ന് വീണ്ടും സർവകക്ഷി യോഗം ചേർന്നാണ് ദേശീയ പാതയുടെ വീതി 45 മീറ്ററായി പുനർനിശ്ചയിച്ചത്.സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാത വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാത അതോറിട്ടിക്ക് ആവർത്തിച്ച് നിലപാടെടുക്കേണ്ട സാഹചര്യവുമുണ്ടായി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ അതോറിട്ടി അവരുടെ ഓഫീസ് അടച്ച് കേരളം വിടുകപോലും ചെയ്തു. വികസനകാര്യത്തിൽ മുൻകാഴ്ചയില്ലാത്ത ഏത് ഭരണകൂടവും നാടിന്റെ ശാപമാണ്. ഏത് വികസന പദ്ധതി നടപ്പാക്കുമ്പോഴും കുറഞ്ഞത് 25 വർഷമെങ്കിലും മുൻകൂട്ടി കണ്ടില്ലെങ്കിൽ അത് ജനസമൂഹത്തിനുണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾ തലമുറകൾ നീളുന്നതാകും. ദേശീയപാത 66ന്റെ വികസനവും അതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here