സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

0
133

മലപ്പുറം: സുപ്രീം കോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രീം കോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സിഎഎ നടപ്പാക്കിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി മുഖേന മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിച്ച കേന്ദ്ര സർക്കാർ ഭരണഘടനയെയും സുപ്രിം കോടതിയെയും വെല്ലുവിളിക്കുകയാണെന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് പൗരത്വം അനുവദിച്ചത് അഭയാർത്ഥികളോടുള്ള സ്നേഹം കൊണ്ടല്ല വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. മതം പറഞ്ഞ് വോട്ടുപിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾ ദയനീയമാംവിധം പരാജയപ്പെടുന്നതിൻ്റെ നിരാശയാണ് തിടുക്കപ്പെട്ടുള്ള ഈ നീക്കത്തിന് പിന്നിൽ. ഇത് കൊണ്ടൊന്നും ജനകീയ പ്രശ്നങ്ങളിൽ നിന്ന് ചർച്ച വഴിതിരിക്കാനാവില്ല. ബിജെപിയെ കാത്തിരിക്കുന്നത് വലിയ പരാജയമാണെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ വി കെ ഫൈസൽ ബാബുവും പ്രസ്താവനയിൽ വ്യക്തമാക്കി.

നേരത്തെ പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പതിനാല് പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൗരത്വത്തിനായി അപേക്ഷിക്കുന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയായിരുന്നു അപേക്ഷ പരിഗണിച്ചത്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 300 പേര്‍ക്ക് സിഎഎ നിയമപ്രകാരം പൗരത്വം അനുവദിച്ചെന്നും സിഎഎ രാജ്യത്തിന്റെ നിയമമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here