ഷിറിയയിൽ വരുന്നത് 7.04 കോടി രൂപയുടെ മാതൃകാ മത്സ്യത്തൊഴിലാളിഗ്രാമം

0
205

കാസർകോട്: ജില്ലയിലെ മത്സ്യബന്ധന മേഖലയ്ക്ക് കരുത്തേകാൻ ഷിറിയ കേന്ദ്രീകരിച്ച് മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമം വരുന്നു. ഷിറിയ, മംഗൽപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. മത്സ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നികത്തി സമഗ്ര വികസനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി മത്സ്യ സംപദ യോജന (പി.എം.എം.എസ്.വൈ.) യിൽപ്പെടുത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് മത്സ്യത്തൊഴിലാളി ഗ്രാമം ഒരുക്കുന്നത്. ഇതിനായി 7.04 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 3.73 കോടി കേന്ദ്രവിഹിതവും 3.31 കോടി രൂപ സംസ്ഥാനവിഹിതവുമാണ്.

തീരദേശവികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനികസൗകര്യങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതിലൂടെ നേരിട്ടും അല്ലാതെയും മത്സ്യമേഖലയെ ആശ്രയിക്കുന്നവർക്ക് മെച്ചപ്പെട്ട ജീവിതനിലവാരവും സാമ്പത്തികഭദ്രതയും പദ്ധതി ഉറപ്പാക്കുന്നു. ഷിറിയയ്ക്ക് പുറമേ സംസ്ഥാനത്ത് എട്ടിടങ്ങളിൽക്കൂടി മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ വരുന്നുണ്ട്.

മഞ്ചേശ്വരത്ത് മത്സ്യവിഭവ ഭക്ഷണശാല, ഷിറിയയിൽ കൃത്രിമ പാര്

മഞ്ചേശ്വരം തുറമുഖത്ത് മത്സ്യവിഭവ ഭക്ഷണശാല, ശീതസംഭരണി, മലിനജല ശുദ്ധീകരണ പ്ലാന്റ്, മത്സ്യസംസ്കരണ യൂണിറ്റ് എന്നിവ സജ്ജീകരിക്കും. ടോയ്‌ലറ്റ് കോംപ്ലക്സും നിർമിക്കും. മംഗൽപ്പാടിയിൽ മൾട്ടിലെവൽ ലേണിങ് സെന്റർ ഒരുക്കും.

മുസോടിയിൽ കമ്യൂണിറ്റി സെന്ററും റെസ്‌ക്യൂ ഷെൽറ്ററും നിർമിക്കും. കടലേറ്റസമയത്ത് തീരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഇവ ഉപകരിക്കും.

ഷിറിയയിൽ മത്സ്യവിപണന യൂണിറ്റുകൾ സജ്ജീകരിക്കും. സമുദ്രജീവികൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതിനായി കൃത്രിമ പാര് (ആർട്ടിഫിഷ്യൽ റീഫ്) നിർമിക്കും.

തീരസംരക്ഷണത്തിനായി കാറ്റാടി മരങ്ങൾ വെച്ചുപിടിപ്പിച്ച് ‘കോസ്റ്റൽ ബയോഷീൽഡ്’ ഒരുക്കും. ഔട്ട് ബോർഡ് എൻജിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യവും ഷിറിയയിൽ സജ്ജമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here