എന്‍.സി.പി. കോണ്‍ഗ്രസിലേക്ക്?; ലയനസൂചന നല്‍കി ശരദ് പവാര്‍

0
163

പൂണെ: കോണ്‍ഗ്രസുമായുള്ള ലയനസൂചന നല്‍കി എന്‍.സി.പി. സ്ഥാപകന്‍ ശരദ് പവാര്‍. വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുമെന്നും അതില്‍ ചിലത് ലയിച്ചേക്കുമെന്നും പവാര്‍ പ്രതികരിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് പവാറിന്റെ പ്രതികരണം.

നിരീക്ഷണം തന്റെ പാര്‍ട്ടിക്കും ബാധകമാണോയെന്ന ചോദ്യത്തോട്, തങ്ങളും കോണ്‍ഗ്രസുമായും വലിയ വ്യത്യാസമില്ലെന്നും പ്രത്യയശാസ്ത്രപരമായി ഗാന്ധി- നെഹ്‌റു ചിന്താധാരയ്ക്ക് ഒപ്പമാണെന്നുമായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. ‘ഇപ്പോള്‍ ഞാന്‍ ഒന്നും പറയുന്നില്ല. സഹപ്രവര്‍ത്തകരുമായി ആലോചിക്കാതെ ഒന്നും പറയാന്‍ സാധിക്കില്ല. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ കോണ്‍ഗ്രസുമായി വളരെ അടുത്തുനില്‍ക്കുന്നു. അടുത്ത നടപടിയെക്കുറിച്ചുള്ള ഏത് തീരുമാനവും കൂട്ടായാണ് എടുക്കുക. മോദിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനകാഴ്ചപ്പാടുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഉദ്ധവ് താക്കറെയ്ക്കും അനുകൂലമായ നിലപാടാണുള്ളത്. അദ്ദേഹത്തിന്റെ നിലപാടും തങ്ങളുടേതിന് സമാനമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരണത്തിലുള്ള പാര്‍ട്ടിക്കെതിരായ അടിയൊഴുക്കുണ്ട്. യു.പിയടക്കമുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തെ വികാരം മോദിക്കെതിരാണ്. ശരിയായ ദിശയിലാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ഗാന്ധിയുടേയും നെഹ്‌റുവിന്റെയും ആദര്‍ശമാണ് ഞങ്ങള്‍ പിന്തുടരുന്നത്. 1977-ല്‍ മൊറാര്‍ജി ദേശായിക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത ഇന്ന് രാഹുല്‍ഗാന്ധിക്കുണ്ട്. സമാനകാഴ്ചപ്പാടുള്ള പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് ആത്മാര്‍ഥതയുണ്ടെന്ന് ആളുകള്‍ക്ക് തോന്നുന്നുണ്ട്’, പവാര്‍ പറഞ്ഞു.

പവാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും എന്‍.സി.പി. (ശരദ് ചന്ദ്രപവാര്‍) മാതൃപാര്‍ട്ടിയില്‍ ലയിപ്പിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അത് തള്ളി അന്ന് മകളും പാര്‍ട്ടി നേതാവുമായ സുപ്രിയ സുലെ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം മുതിര്‍ന്ന നേതാക്കള്‍ പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പടര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here