പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; തെളിവ് പുറത്തുവിട്ട ബിജെപി നേതാവ് കസ്റ്റഡിയില്‍

0
168

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് വില്‍ക്കാന്‍ സഹായിക്കാമെന്ന വ്യാജേന തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് ദേവരാജെ ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തത്.

2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രജ്വലിന്റെ പിതാവും ഹൊലേനരസിപുര എംഎല്‍എയുമായ എച്ച്ഡി രേവണ്ണയ്ക്കെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഗൗഡ. പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ വീഡിയോകള്‍ ചോര്‍ത്തിയെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്. എന്നാല്‍, വീഡിയോകള്‍ ചോര്‍ത്തിയത് കോണ്‍ഗ്രസാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് ഗൗഡ കഴിഞ്ഞ വര്‍ഷം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ഹാസനില്‍ മത്സരിപ്പിക്കരുതെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജെഡിഎസുമായി സഖ്യമുണ്ടാക്കിയ ബിജെപി പ്രജ്വലിനെ ഹാസനില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏപ്രില്‍ 26 ന് ഹാസന്‍ ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെയാണ് ലൈംഗികാരോപണം ഉയർന്നത്. ഒന്നിലധികം സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here