സാദിഖലി തങ്ങളുടെ സ്‌നേഹ സദസ് ഇന്ന്; ജിഫ്രി തങ്ങൾ പങ്കെടുക്കും

0
140

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർക്കുന്ന സ്നേഹ സദസ് ഇന്ന് കോഴിക്കോട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മത-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമസ്തയുമായുള്ള തർക്കം നിലനിൽക്കെ സമസ്ത പ്രസിഡന്റ ജിഫ്രിതങ്ങളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടും.

വർഗീയതക്കും വിഭാഗീയതക്കും എതിരായ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ വർഷം സാദിഖലി തങ്ങൾ എല്ലാ ജില്ലകളിലും നടത്തിയ സൗഹാർദ സദസിന്റെ വാർഷികമായാണ് സ്‌നേഹ സദസ് വിളിച്ചു ചേർക്കുന്നത്. കോഴിക്കോട് നടക്കുന്ന സംഗമം മതമേലധ്യക്ഷന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും സംഗമമാകും. വൈകിട്ട് മൂന്നിന് തുടങ്ങുന്ന പരിപാടി തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മുസ്‌ലിം സംഘടനകളുടെ സംസ്ഥാന നേതാക്കളെല്ലാം സാദിഖലി തങ്ങളുടെ ക്ഷണം സ്വീകരിച്ച് സ്‌നേഹ സദസിലെത്തും. സമസ്തയുമായുള്ള തർക്കം രൂക്ഷമായ ഘട്ടത്തിലും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യം ലീഗ് ഉറപ്പുവരുത്തിയിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധരുമായുള്ള തർക്കം രൂക്ഷമാകുന്ന ഘട്ടത്തിലാണ് ജിഫ്രി തങ്ങളടക്കം പ്രധാന സമസ്ത നേതാക്കൾ സ്‌നേഹ സദസിലെത്തുന്നത്. സമസ്തുമായി പ്രശ്‌നങ്ങളില്ലെന്ന സന്ദേശം കൈമാറാൻ സംഗമത്തിന് കഴിയുമെന്നാണ് ലീഗ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here